ഇനി 'കാഷ്‌ലെസ്' സ്‌കൂളുകളും! ജനുവരി മുതല്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ ഓണ്‍ലൈനായി ഫീസടയ്ക്കാം...
രാജ്യത്തെ പല സിബിഎസ്ഇ സ്‌കൂളുകളും നിലവില്‍ ഫീസടയ്ക്കാനും മറ്റു പണമിടപാടുകള്‍ക്കും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മുംബൈ: രാജ്യത്തെ നിലവിലെ സ്ഥിതി വിശേഷങ്ങള്‍ പരിഗണിച്ച് കാഷ്‌ലെസ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ സിബിഎസ്ഇയുടെ തീരുമാനം. രാജ്യത്തെ സിബിഎസ്ഇ സ്‌കൂളുകളില്‍ 2017 ജനുവരി മുതല്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ പണമിടപാടുകള്‍ ആരംഭിക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളുകളുടെ പ്രതികരണം തേടി എല്ലാ പ്രിന്‍സിപ്പല്‍മാര്‍ക്കും സിബിഎസ്ഇ കത്തയച്ചിട്ടുണ്ട്.
രാജ്യത്തെ പല സിബിഎസ്ഇ സ്‌കൂളുകളും നിലവില്‍ ഫീസടയ്ക്കാനും മറ്റു പണമിടപാടുകള്‍ക്കും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സിബിഎസ്ഇയ്ക്ക് കീഴിലെ മുഴുവന്‍ സ്‌കൂളുകളിലും ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കാനാണ് ബോര്‍ഡിന്റെ ആലോചന. വിദ്യാര്‍ത്ഥികളുടെ ഫീസ് മാത്രമല്ല, സ്‌കൂളിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും,മറ്റു എല്ലാ പണമിടപാടുകളും ഡിജിറ്റലായി നടത്താനാണ് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.

എല്ലാ പണമിടപാടുകളും ഡിജിറ്റല്‍
2017 ജനുവരി മുതല്‍ സിബിഎസ്ഇയ്ക്ക് കീഴിലെ എല്ലാ സ്‌കൂളുകളിലും പൂര്‍ണ്ണമായും ഡിജിറ്റല്‍ പണമിടപാടുകള്‍ തുടങ്ങിക്കൂടേ എന്നാണ് സ്‌കൂളുകള്‍ക്ക് അയച്ച കത്തിലുള്ളത്. വിദ്യാര്‍ത്ഥികളുടെ ഫീസ് ശേഖരിക്കുന്നതും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതുമടക്കം എല്ലാ പണമിടപാടുകളും കറന്‍സി രഹിതമാക്കാനാണ് സിബിഎസ്ഇയുടെ തീരുമാനം.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ മറുപടി നല്‍കണം
കാഷ്‌ലെസ് ഇടപാടുകള്‍ സ്‌കൂളുകളില്‍ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായം തേടി സിബിഎസ്ഇ ബോര്‍ഡ് സെക്രട്ടറി ജോസഫ് ഇമ്മാനുവലാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കത്തയച്ചിട്ടുള്ളത്.

മിക്ക സ്‌കൂളുകളിലും ഓണ്‍ലൈന്‍ സൗകര്യം നിലവിലുണ്ട്
രാജ്യത്തെ ഭൂരിഭാഗം സ്‌കൂളുകളും സിബിഎസ്ഇയുടെ തീരുമാനത്തെ സ്വാഗതം ചെയ്തതായാണ് അറിയുന്നത്. മിക്ക സിബിഎസ്ഇ സ്‌കൂളുകളും നിലവില്‍ കാഷ്‌ലെസ് ഇടപാടുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രക്ഷിതാക്കള്‍ക്ക് ക്ലാസുകള്‍
സ്‌കൂളുകളില്‍ പിടിഎ യോഗങ്ങള്‍ വിളിച്ച് കാഷ്‌ലെസ് ഇടപാടുകളുടെ നേട്ടങ്ങള്‍ വിശദീകരിച്ചുള്ള ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും സിബിഎസ്ഇ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications