സിബിഎസ്ഇ പത്ത്, പ്ലസ്ടു ഫലങ്ങള്‍ പ്രഖ്യാപിച്ചു; തിരുവനന്തപുരത്തിന് വിജയത്തിളക്കം
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.60 ശതമാനം വിജയവുമായി വിജയവാഡ മേഖല ഒന്നാം സ്ഥാനവും 99.32 ശതമാനം വിജയവുമായി തിരുവനന്തപുരത്തിന് രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നിലെത്തിയത്. 91.64 ശതമാനം പെണ്‍കുട്ടികളാണ് വിജയിച്ചത്. ആകെ 16,92,794 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയെഴുതിയതില്‍ 14,96,307 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
ഫെബ്രുവരി 15 നും ഏപ്രില്‍ നാലിനും ഇടയില്‍ നടന്ന ബോര്‍ഡ് പരീക്ഷകളില്‍ 42 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് മേഖലയാണ് ഏറ്റവും പിന്നില്‍ - 70.53 ശതമാനം. 33 ശതമാനം മാര്‍ക്കാണ് പ്ലസ്ടു ജയിക്കാനായി വേണ്ടത്. 33 ശതമാനം ലഭിക്കാന്‍ ഒരു മാര്‍ക്കിന്റെ കുറവ് മാത്രമാണുള്ളതെങ്കില്‍ അത് ഗ്രേസ് മാര്‍ക്കായി നല്‍കി ജയിപ്പിക്കും.

ദക്ഷിണേന്ത്യയാണ് സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഒന്നാമത് നില്‍ക്കുന്നത്. ആന്ധ്രാ പ്രദേശിലെ വിജയവാഡ (99.60%), തിരുവനന്തപുരം (99.32%), ചെന്നൈ (97.39%) എന്നീ മേഖലകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയത്. ഡല്‍ഹി വെസ്റ്റ് (95.37%), ഡല്‍ഹി ഈസ്റ്റ് (95.06%), ബംഗളൂരു (95.95%) തുടങ്ങിയ മെട്രോ നഗരങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു.
ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം 0.41% വര്‍ദ്ധിച്ചു. 12 മണി മുതല്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസള്‍ട്ട് വിവരങ്ങള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in സന്ദര്‍ശിക്കാം.
സിബിഎസ്ഇ പത്താം ക്ലാസ് ഫലവും പിന്നാലെ പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം. വിജയവാഡ, തിരുവനന്തപുരം മേഖലകളാണ് വിജയത്തില്‍ ഒന്നാമത് നില്‍ക്കുന്നത്. ഇത്തവണ ഫലങ്ങള്‍ ഡിജി ലോക്കറിലും ഉമാങ് ആപ്പിലും ലഭ്യമാണ്.
ആകെ 23,71939 വിദ്യാര്‍ഥികളാണ് പത്താം ക്ലാസില്‍ പരീക്ഷയെഴുതിയത്. ഇതില്‍ 95 ശതമാനം വിജയവുമായി പെണ്‍കുട്ടികളാണ് മുന്നില്‍. ആണ്‍കുട്ടികള്‍ 92.63 ശതമാനം വിജയം നേടി. ഗുവാഹത്തിയാണ് പത്താം ക്ലാസിലെ വിജയശതമാനത്തില്‍ ഏറ്റവും പിന്നില്‍. 1,99944 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി.
ഡിജിലോക്കറില്‍ നിന്ന് ലഭ്യമാകുന്ന മാര്‍ക്ക് ലിസ്റ്റ് അന്തിമ സര്‍ട്ടിഫിക്കറ്റിന് തുല്യമാണെന്ന് സിബിഎസ്ഇ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മാര്‍ക്കിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകിയാല്‍ ഡിജിലോക്കറിലെ മാര്‍ക്ക് ലിസ്റ്റ് ഉപയോഗപ്പെടുത്താം. വിദേശത്ത് തുടര്‍പഠനത്തിന് പോകുന്നവര്‍ക്ക് ഡിജിലോക്കറില്‍ ലഭ്യമാകുന്ന മാര്‍ക്ക് ലിസ്റ്റ് തന്നെ ഉപയോഗിക്കാം. ഇതു ഓണ്‍ലൈനായി പരിശോധിക്കാന്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും വൈകാതെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.












Click it and Unblock the Notifications