സിബിഎസ്ഇ വിവാദം: വേദാന്തിന് ഉത്തരക്കടലാസ് കിട്ടി, പരാതിയുമായി മറ്റ് വിദ്യാർത്ഥികളും രംഗത്ത്
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉയർന്നിരിക്കുന്നത്. പുനർമൂല്യനിർണ്ണയത്തിനായി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഉത്തരക്കടലാസുകൾ തങ്ങളുടേതല്ലെന്നും മറ്റാരുടെയോ ഉത്തരക്കടലാസുകളാണ് തങ്ങൾക്ക് ലഭിച്ചതെന്നും പരാതിപ്പെട്ട് നിരവധി വിദ്യാർത്ഥികൾ ആണ് രംഗത്ത് വന്നിരിക്കുന്നത്.
ഡൽഹി സ്വദേശിയായ വേദാന്ത് എന്ന വിദ്യാർത്ഥിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഈ വിഷയം ആദ്യം പുറത്തുകൊണ്ടുവന്നത്. തനിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസിലെ കൈയക്ഷരം തന്റേതല്ലെന്ന് വേദാന്ത് എക്സ് പ്ലാറ്റ്‌ഫോമിൽ തെളിവുകൾ സഹിതം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണത്തിനും വേദാന്ത് ഇരയായി. പാകിസ്താനിയെന്നും തീവ്രവാദിയെന്നുമടക്കമാണ് വേദാന്ത് ആക്ഷേപിക്കപ്പെട്ടത്.
വേദാന്തിന്റെ പോസ്റ്റ് വലിയ ചർച്ചയായതോടെ സിബിഎസ്ഇ അധികൃതർ ഇടപെട്ട് വേദാന്തിന്റെ യഥാർത്ഥ ഉത്തരക്കടലാസ് കണ്ടെത്തുകയും അത് മെയിൽ വഴി അയച്ചുനൽകുകയും ചെയ്തു. മാർക്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഫലം പുതുക്കുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. "സിബിഎസ്ഇയിൽ നിന്ന് ശരിയായ ഉത്തരക്കടലാസ് ലഭിച്ചു. സിബിഎസ്ഇ ഉദ്യോഗസ്ഥർ വൈകുന്നേരം ഞങ്ങളെ ബന്ധപ്പെടുകയും ഉത്തരക്കടലാസ് അയച്ചുതരുകയും ചെയ്തു. ഞങ്ങളുടെ വാദങ്ങൾ ശരിയായിരുന്നു, ഉത്തരക്കടലാസുകൾ പരസ്പരം മാറിപ്പോയത് തന്നെയാണ്"; വേദാന്ത് എക്സിലൂടെ പ്രതികരിച്ചു.

വേദാന്തിന്റെ സംഭവം പുറത്തുവന്നതിന് പിന്നാലെ സമാനമായ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജന എന്ന മറ്റൊരു വിദ്യാർത്ഥി തനിക്ക് ലഭിച്ച കെമിസ്ട്രി ഉത്തരക്കടലാസിന്റെ ഉള്ളിലെ പേജുകളിലെ കൈയക്ഷരം തന്റേതല്ലെന്ന് പരാതിപ്പെട്ടു.ഈ വർഷം സിബിഎസ്ഇ നടപ്പിലാക്കിയ ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിലെ സാങ്കേതിക പിഴവുകളാണ് ഈ മാറ്റിമറിയലുകൾക്ക് കാരണമായതെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്.
ഇതുകൂടാതെ വെബ്‌സൈറ്റ് തകരാറുകൾ, വ്യക്തതയില്ലാത്ത സ്കാൻ കോപ്പികൾ, പേജുകൾ നഷ്ടപ്പെടുക, പണമടയ്ക്കുന്നതിലെ തടസ്സങ്ങൾ എന്നിങ്ങനെ നിരവധി പരാതികൾ വിദ്യാർത്ഥികൾ ഉന്നയിക്കുന്നുണ്ട്. വിഷയം ഗുരുതരമായതോടെ, വിദ്യാർത്ഥികളുടെ പരാതികൾക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകി പരിഹരിക്കുകയാണെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും വരും ദിവസങ്ങളിൽ ഇത്തരം തെറ്റുകൾ ഒഴിവാക്കാനും ഐഐടി മദ്രാസ് , ഐഐടി കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചിട്ടുണ്ട്.














Click it and Unblock the Notifications