Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഎസ്ഇ ത്രിഭാഷാ നയത്തിൽ ഇളവ്; പത്താം ക്ലാസുകാർക്ക് പഴയ രീതി തുടരാം; 7, 8, 9 ക്ലാസുകാർക്ക് ബോർഡ് പരീക്ഷയില്ല

ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ നടപ്പാക്കാനിരുന്ന പുതിയ ത്രിഭാഷാ നയത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു. അധ്യയന വർഷത്തിന്റെ പകുതിയിൽ വെച്ച് പുതിയ പരിഷ്കാരം നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നിലവിൽ ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിൽ രണ്ട് വിദേശ ഭാഷകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് അത് തുടരാം. ഒപ്പം ഒരു ഇന്ത്യൻ ഭാഷ കൂടി അധികമായി പഠിച്ചാൽ മതിയെന്നാണ് സിബിഎസ്ഇ വ്യക്തമാക്കുന്നത്.

മുൻപ് മെയ് മാസത്തിൽ ഇറക്കിയ സർക്കുലർ പ്രകാരം ഒൻപതാം ക്ലാസുകാർക്കും ഈ വർഷം തന്നെ രണ്ട് ഇന്ത്യൻ ഭാഷകൾ നിർബന്ധമാക്കിയിരുന്നു. ഇതോടെ ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകൾ പഠിച്ചിരുന്ന കുട്ടികൾ പാഠ്യപദ്ധതി പെട്ടെന്ന് മാറ്റേണ്ടിവരുമെന്ന പ്രതിസന്ധിയിലായി. തുടർന്നാണ് ഇപ്പോൾ നയത്തിൽ ഇളവുകൾ പ്രഖ്യാപിച്ചത്. വിദേശ ഭാഷകൾ തിരഞ്ഞെടുത്ത കുട്ടികൾക്ക് ആശങ്കയില്ലാതെ പഠനം തുടരാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും വ്യക്തമാക്കിയിരുന്നു.

cbse-

പത്താം ക്ലാസുകാർക്ക് മാറ്റമില്ല; ജൂനിയർ ബാച്ചുകൾക്ക് ബോർഡ് പരീക്ഷയില്ല

പുതിയ മാർഗ്ഗരേഖ പ്രകാരം നിലവിലെ പത്താം ക്ലാസ് ബാച്ചിന് പഴയ രണ്ടു ഭാഷാ രീതിയിൽ തന്നെ തുടരാം. ഇവർക്ക് മൂന്നാമതൊരു ഭാഷ പഠിക്കേണ്ടി വരില്ല. എന്നാൽ നിലവിൽ ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പത്താം ക്ലാസിലേക്ക് എത്തുമ്പോൾ ഈ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ എഴുതേണ്ടതില്ല എന്ന ഇളവാണ് സിബിഎസ്ഇ നൽകിയിരിക്കുന്നത്. ഇവരുടെ മൂന്നാം ഭാഷാ മൂല്യനിർണ്ണയം സ്കൂൾ തലത്തിൽ മാത്രമായിരിക്കും നടത്തുക.

നിലവിൽ രണ്ട് ഇന്ത്യൻ ഭാഷകൾ പഠിക്കുന്നവർക്ക് മൂന്നാമതായി മറ്റൊരു ഇന്ത്യൻ ഭാഷയോ, അല്ലെങ്കിൽ ഇംഗ്ലീഷ്, ഫ്രഞ്ച് പോലുള്ള വിദേശ ഭാഷയോ തിരഞ്ഞെടുക്കാം. എന്നാൽ ഒരു ഇന്ത്യൻ ഭാഷയും ഒരു വിദേശ ഭാഷയും പഠിക്കുന്നവർ മൂന്നാമതായി ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷ കൂടി തിരഞ്ഞെടുക്കണം. രണ്ട് വിദേശ ഭാഷകൾ പഠിക്കുന്നവർക്ക് ഒരു തവണത്തെ പ്രത്യേക ഇളവായി ആ ഭാഷകൾ തുടരാൻ അനുവാദമുണ്ട്, ഒപ്പം മൂന്നാമതായി ഒരു ഇന്ത്യൻ ഭാഷ കൂടി പഠിക്കണം.

ആറാം ക്ലാസ് മുതൽ മാറ്റമില്ല, ചിലർക്ക് ഇളവുകൾ

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം. ഇതനുസരിച്ച് നിലവിലെ ആറാം ക്ലാസ് ബാച്ച് മുതലുള്ളവർക്ക് ഈ നിയമം ബാധകമായിരിക്കും. ഇവർ പത്താം ക്ലാസിൽ എത്തുമ്പോൾ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ എഴുതേണ്ടി വരും. ഇതിനായി 22 ഇന്ത്യൻ ഭാഷകളിലുള്ള പാഠപുസ്തകങ്ങൾ എൻസിഇആർടി വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

അതിന് പുറമെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും, ഇന്ത്യയ്ക്ക് പുറത്തുള്ള സിബിഎസ്ഇ സ്കൂളുകളിലെ വിദ്യാർഥികൾക്കും വിദേശത്തു നിന്നും ഇന്ത്യയിലേക്ക് തിരികെ എത്തുന്ന കുട്ടികൾക്കും മൂന്നാം ഭാഷയായി ഇന്ത്യൻ ഭാഷ പഠിക്കുന്നതിൽ നിന്നും പൂർണ്ണ ഇളവ് നൽകിയിട്ടുണ്ട്. മാതാപിതാക്കൾക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിമാറ്റം ഉണ്ടാകുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് നിലവിലെ ഭാഷാ കോമ്പിനേഷൻ തന്നെ തുടരാൻ സ്കൂളുകൾ സൗകര്യമൊരുക്കണമെന്നും സിബിഎസ്ഇ നിർദ്ദേശിക്കുന്നു. പഠനം പരീക്ഷ കേന്ദ്രീകൃതമാക്കാതെ സന്തോഷകരമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും, ഈ മാറ്റങ്ങൾ കാരണം പഠനത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും ബോർഡ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+