ഡിജിറ്റൽ മൂല്യനിർണ്ണയ പോർട്ടൽ സുരക്ഷിതമാണ്, സുരക്ഷാ ലംഘനം ഉണ്ടായതായുളള വാർത്തകൾ തള്ളി സിബിഎസ്ഇ
ഓൺ-സ്ക്രീൻ മാർക്കിംഗ് മൂല്യനിർണ്ണയ സംവിധാനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന വാദങ്ങൾ തള്ളി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പരാമർശിച്ചിരിക്കുന്ന യുആർഎൽ കേവലം ഒരു പരീക്ഷണ പ്ലാറ്റ്‌ഫോം മാത്രമാണെന്നും, അതിൽ സാമ്പിൾ വിവരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ബോർഡ് വ്യക്തമാക്കി. യഥാർത്ഥ മൂല്യനിർണ്ണയ ജോലികൾക്കായി ഉപയോഗിക്കുന്ന പോർട്ടൽ ഇതല്ലെന്നും സിബിഎസ്ഇ വിശദീകരിച്ചു.
ഈ വർഷം ആദ്യം സിബിഎസ്ഇയുടെ ഡിജിറ്റൽ മൂല്യനിർണ്ണയ പോർട്ടലിൽ സുരക്ഷാ ലംഘനം ഉണ്ടായതായി ഓൺലൈനിൽ പ്രചരിച്ച അവകാശവാദങ്ങളെത്തുടർന്നാണ് ഈ വിശദീകരണം. സിബിഎസ്ഇയുടെ പരീക്ഷാഫലത്തിന് ശേഷമുള്ള നടപടികളെക്കുറിച്ചും പുതിയതായി അവതരിപ്പിച്ച ഒഎസ്എം സംവിധാനത്തെക്കുറിച്ചുമുള്ള ആശങ്കകൾക്കിടയിലാണ് ഈ ആരോപണങ്ങളും ഉയർന്നുവന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ 'cbse.onmarks.co.in' എന്ന യുആർഎല്ലിനെക്കുറിച്ചാണ് പരാമർശിക്കുന്നതെന്നും, 2026 ഫെബ്രുവരിയിൽ ഇതിൽ അനധികൃതമായി പ്രവേശിക്കുകയോ സുരക്ഷാ വീഴ്ച വരുത്തുകയോ ചെയ്തു എന്നാണ് അവകാശപ്പെടുന്നത് എന്നും ഔദ്യോഗിക പ്രസ്താവനയിൽ സിബിഎസ്ഇ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ഈ പോർട്ടൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് ബോർഡ് വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ പറയുന്ന യുആർഎൽ ആഭ്യന്തരമായ പരിശോധനകൾക്കായി മാത്രം ഉപയോഗിച്ച ഒരു പരീക്ഷണ സൈറ്റ് ആയിരുന്നു. അതിൽ യഥാർത്ഥ വിദ്യാർത്ഥികളുടെ വിവരങ്ങളോ മാർക്കോ മൂല്യനിർണ്ണയ വിവരങ്ങളോ ഇല്ലായിരുന്നു, മറിച്ച് സാമ്പിൾ ഡാറ്റ മാത്രമാണുണ്ടായിരുന്നത്. യഥാർത്ഥ മൂല്യനിർണ്ണയ വിവരങ്ങളോ മാർക്കോ വിദ്യാർത്ഥികളുടെ വിവരങ്ങളോ ആ പോർട്ടലിൽ സംഭരിച്ചിട്ടില്ലെന്ന് സിബിഎസ്ഇ പറഞ്ഞു. കൂടാതെ, യഥാർത്ഥ മൂല്യനിർണ്ണയ ജോലികൾക്കായി ഉപയോഗിക്കുന്ന സിസ്റ്റത്തിൽ യാതൊരു സുരക്ഷാ വീഴ്ചയും കണ്ടെത്തിയിട്ടില്ലെന്നും ബോർഡ് കൂട്ടിച്ചേർത്തു.
സിബിഎസ്ഇ യുടെ പരീക്ഷാഫലവും പുനർമൂല്യനിർണ്ണയ നടപടികളും വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം വരുന്നത്. സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിൽ വ്യത്യാസങ്ങളുണ്ടെന്ന് ചില വിദ്യാർത്ഥികൾ ആരോപിക്കുകയും പരീക്ഷാഫലത്തിന് ശേഷമുള്ള നടപടികളുടെ സുതാര്യതയെക്കുറിച്ച് ആശങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. മൂല്യനിർണ്ണയത്തിൽ സുതാര്യത ഉറപ്പാക്കാനാണ് ഈ പ്ലാറ്റ്‌ഫോം കൊണ്ടുവന്നതെന്നും വിദ്യാർത്ഥികൾക്കായി പരാതി പരിഹാര സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഒ.എസ്.എം സംവിധാനത്തെ ന്യായീകരിച്ചുകൊണ്ട് സിബിഎസ്ഇ പറയുന്നത് .
മൂല്യനിർണ്ണയ പ്രക്രിയകൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ വർഷം സിബിഎസ്ഇ ഒഎസ്എം സംവിധാനം അവതരിപ്പിച്ചത്. എന്നാൽ ഉത്തരക്കടലാസുകൾ ലഭ്യമാക്കുന്നതുമായും പുനർമൂല്യനിർണ്ണയ നടപടികളുമായും ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പരാതികൾ ഉയർന്നതിനെ തുടർന്ന് ഈ സംവിധാനം അടുത്തിടെ ചർച്ചയായിരുന്നു.














Click it and Unblock the Notifications