സിബിഎസ്ഇ പ്ലസ് ടു, പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവിന് 87.33% വിജയം
ന്യൂദല്‍ഹി:സി ബി എസ് ഇ പ്ലസ് ടു, പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഫലം cbseresults.nic.in, results.cbse.nic.in, cbse.nic.in, cbse.gov.in, results.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. പ്ലസ് ടുവിന് ഈ വര്‍ഷം 87.33 ശതമാനമാണ് വിജയശതമാനം. 93.12 ആണ് പത്താം ക്ലാസിലെ വിജയശതമാനം. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫലം വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ക്ക് ഷീറ്റിന്റെയും സര്‍ട്ടിഫിക്കറ്റുകളുടെയും ഹാര്‍ഡ് കോപ്പി അതത് സ്‌കൂളുകള്‍ പിന്നീട് വിതരണം ചെയ്യും.
ഈ വര്‍ഷം, അക്കാദമിക് സെഷന്റെ അവസാനം ഒരു ബോര്‍ഡ് പരീക്ഷ മാത്രം നടത്തുന്ന പഴയ രീതിയിലേക്ക് സി ബി എസ് ഇ മാറിയിരുന്നു. 2022 ല്‍ ബോര്‍ഡ് പരീക്ഷയെ രണ്ട് ടേമുകളായി വിഭജിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അനാരോഗ്യകരമായ മത്സരം തടയുന്നതിനുള്ള നടപടിയായി സി ബി എസ് ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ടോപ്പര്‍മാരുടെ പേരുകള്‍ പ്രഖ്യാപിക്കില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം ഫലങ്ങളില്‍ തൃപ്തരല്ലാത്തവര്‍ക്ക് പുനപരിശോധനയ്‌ക്കോ മൂല്യനിര്‍ണയത്തിനോ അപേക്ഷിക്കാവുന്നതാണ്. സി ബി എസ് ഇ പ്ലസ് ടു പരീക്ഷ ഫെബ്രുവരി 14 ന് ആരംഭിച്ച് ഏപ്രില്‍ 5 ന് ആണ് അവസാനിച്ചത്. ഈ വര്‍ഷം 16,96,770 വിദ്യാര്‍ത്ഥികള്‍ ആണ് പ്ലസ്ടു പരീക്ഷ എഴുതിയത്. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21 വരെയാണ് നടന്നത്. 21.87 ലക്ഷം വിദ്യാര്‍ത്ഥികളാണ് സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത് എന്നാണ് റിപ്പോര്‍ട്ട്.
പത്താം ക്ലാസില്‍ കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 94.40 ആയിരുന്നു. ഇത്തവണ പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍. പെണ്‍കുട്ടികളുടെ വിജയ ശതമാനം 94.25 ഉം ആണ്‍കുട്ടികളുടേത് 92.27 ഉം ആണ്. മെയ് 16 മുതല്‍ പുനര്‍മൂല്യനിര്‍ണയ പ്രക്രിയ ആരംഭിക്കും. വിവിധ വിഷയങ്ങളില്‍ പരാജയപ്പെട്ടവര്‍ക്കായി നടത്തുന്ന കംപാര്‍ട്ട്മെന്റ് പരീക്ഷ ഇനി മുതല്‍ സപ്ലിമെന്ററി പരീക്ഷ എന്നായിരിക്കും അറിയപ്പെടുക.
കേരളത്തില്‍ ആകെ വിജയശതമാനം 99.91% ആണ്. 2024-ലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2024 ഫെബ്രുവരി 24-ന് ആരംഭിക്കും. നേരത്തെ മേയ് 11 ന് സി ബി എസ് ഇ ഫലം പ്രഖ്യാപിക്കും എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സി ബി എസ് ഇ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. സാധാരണഗതിയില്‍ സി ബി എസ് ഇ പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തീയതികള്‍ മുന്‍കൂട്ടി പുറത്തുവിടാറില്ല.












Click it and Unblock the Notifications