പഠാനിലെ ഗാനങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്; 'സിനിമയിലെ രംഗങ്ങളിലും മാറ്റം വേണം'
ദില്ലി: വിവാദം പുകയുന്നതിനിടെ ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ ചിത്രം പഠാനിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് സെൻസർ ബോർഡ്. ഗാനങ്ങൾ ഉൾപ്പെടെ സിനിമയിൽ നിർദ്ദേശിച്ച മാറ്റങ്ങൾ നടപ്പിലാക്കാനും പുതുക്കിയ പതിപ്പ് തിയേറ്റർ റിലീസിന് മുമ്പ് സമർപ്പിക്കാനും ചിത്രത്തിന്റെ നിർമ്മാതാക്കളോട് സി ബി എഫ് സി നിർദ്ദേശിച്ചു. ജനവരി 25 നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.

'പഠാൻ' എന്ന ചിത്രത്തിലെ ബേഷാരം രംഗ് എന്ന വീഡിയോ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. ഗാന രംഗത്തില്‍ ദീപിക ഓറഞ്ച് ബിക്‌നിയണിഞ്ഞതാണ് ഹിന്ദുത്വ തീവ്രവാദികളെ ചൊടിപ്പിച്ചത്. ദീപിക ഹിന്ദുത്വത്തെ ആണ് വ്രണപ്പെടുത്തുന്നത് എന്നും ഷാരൂഖ് ഖാന്‍ പച്ച വേഷം ധരിച്ചെത്തുന്നത് മനപൂര്‍വമാണെന്നൊക്കെയായിരുന്നു വിമർശനം.വലിയ ഭീഷണിയാണ് ചിത്രത്തിനും താരങ്ങൾക്കുമെതിരെ ഉയർന്നത്.

ഗ്ലാമറസ് രംഗങ്ങൾ നിറഞ്ഞ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും സിനിമ ബഹിഷ്കരിക്കുമെന്ന ആഹ്വാനവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, ബി ജെ പി എം പ്രജ്ഞാ സിംഗ് ഠാക്കൂർ എന്നിവർ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നായിരുന്നു നരോത്തം മിശ്ര പറഞ്ഞത്.

ഷാരൂഖാനെതിരെ വധഭീഷണിയുമായി അയോധ്യയിൽ നിന്നുളള വിവഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യ രംഗത്തെത്തിയിരുന്നു. താൻ ഷാരൂഖ് ഖാനെ നേരിട്ടു കണ്ടാൽ ജീവനോടെ കത്തിക്കുമെന്നായിരുന്നു ഭീഷണി. ഇയാൾ കഴിഞ്ഞ ദിവസം താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്തുകയും ചെയ്തിരുന്നു. പഠാന്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കാന്‍ വരെയുള്ള ആഹ്വാനങ്ങൾ തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തിയിരുന്നു.

ഇത്തരം വിവാദങ്ങൾക്കിടെയാണ് ഇപ്പോൾ സെൻസർ ബോർഡ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. ഗാനങ്ങൾ ഉൾപ്പടെ നിർദ്ദേശിച്ച മാറ്റങ്ങൾ നടപ്പിലാക്കാൻ സി ബി എഫ് സി കമ്മിറ്റി സിനിമയുടെ അണിയറപ്രവർത്തകരെ അറിയിച്ചിട്ടുണ്ടെന്ന് ബോർഡ് ചെയർപേഴ്‌സൺ പ്രസൂൺ ജോഷി പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യവും പ്രേക്ഷകരുടെ സംവേദന ക്ഷമതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ സി ബി എഫ് സി ശ്രമിക്കാറുണ്ട്,എല്ലാ പങ്കാളികളും തമ്മിലുള്ള അർത്ഥവത്തായ സംവാദത്തിലൂടെ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ജോഷി പറഞ്ഞു. നമ്മുടെ സംസ്കാരവും വിശ്വാസവും മഹത്വമേറിയതും സങ്കീർണ്ണവും സൂക്ഷ്മതയുള്ളതുമാണെന്ന് താൻ ആവർത്തിക്കുകയാണെന്നും ജോഷി പറഞ്ഞു. അതേസമയം വിവാദ ഗാനരംഗത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.
സിദ്ധാര്‍ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.












Click it and Unblock the Notifications