ആഗോള പട്ടിണി സൂചികയ്ക്കെതിരെ കേന്ദ്രം; തയ്യാറാക്കിയ രീതി അശാസ്ത്രീയം
ദില്ലി; ആഗോള പട്ടിണി സൂചികയ്ക്കെതിരെ രൂക്ഷവിമർശവുമായി കേന്ദ്രസർക്കാർ. സൂചിക തയ്യാറാക്കിയ രീതി അശാസ്ത്രീയമാണെന്ന് കേന്ദ്രം വിമർശിച്ചു. 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 101ാം സ്ഥാനം ആണ് ഉള്ളത്. 2020 ൽ 107 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 94ാം സ്ഥാനമായിരുന്നു. പട്ടികയിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ വിശദീകരണം.
ഗ്ലോബൽ ഹംഗക് റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക് താഴ്ന്നുവെന്നത് ഞെട്ടിക്കുന്നതാണ്.പട്ടികയിൽ ഗുരുതരമായ പിഴവുകൾ ഉണ്ട്. ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണ ഏജന്‍സികളായ കണ്‍സേണ്‍ വേള്‍ഡ് വൈഡ്, വെല്‍റ്റ് ഹംഗര്‍ ഹില്‍ഫ് എന്നിവര്‍ പട്ടിക തയ്യാറാക്കുന്നതിനായി കൃത്യമായ പഠനം നടത്തിയിട്ടില്ല, കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

പട്ടിക തയ്യാറാക്കുന്നതിനായി അവർ ഉപയോഗിച്ച രീതി അശാസ്ത്രീയമാണ്. നാല് ചോദ്യങ്ങളുടെ ഉത്തരമാണ് അവർ തേടിയത്. അതും ഫോൺ വഴിയുള്ള അഭിപ്രായ സർവ്വേയിലൂടെ. ആളോഹരി ഭക്ഷധാന്യ ലഭ്യത പോലുള്ള, പോഷകാഹാരക്കുറവ് കണ്ടെത്താനുള്ള ശാസ്ത്രീയമായ ഒരുരീതിശാസ്ത്രവും ഈ കാലയളവിൽ സ്വീകരിച്ചിട്ടില്ല. പോഷകാഹാരക്കുറവിന്റെ ശാസ്ത്രീയ അളവിന് തൂക്കവും ഉയരവും അളക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ നടന്നതാകട്ടെ തികച്ചും ഫോണിലൂടെ മാത്രമുള്ള വിവരശേഖരണമാണ്.
കോവിഡ് കാലഘട്ടത്തിൽ മുഴുവൻ ജനങ്ങളുടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമത്തെ റിപ്പോർട്ട് പൂർണമായും അവഗണിച്ചിരിക്കുകയാണ്.സർക്കാരിൽ നിന്നോ മറ്റ് സ്രോതസ്സുകളിൽ നിന്നോ എന്തെങ്കിലും എന്തെങ്കിലും ഭക്ഷ്യ സാധനങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഒരു ചോദ്യം പോലും അവർ ഉൾപ്പെടുത്തിയിട്ടില്ല. സര്‍വേയിലെ ജനങ്ങളുടെ പങ്കാളിത്തം പോലും സംശാസ്പദമാണെന്നും കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേൾഡ് വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയത്.
Recommended Video
പാപുവ ന്യൂ ഗിനി (102), അഫ്ഗാനിസ്ഥാൻ (103), നൈജീരിയ (103), കോംഗോ (105), മൊസാംബിക്ക് (106), സിയറ ലിയോൺ (106), തിമോർ-ലെസ്റ്റെ (108), ഹെയ്തി (109) ), ലൈബീരിയ (110), മഡഗാസ്കർ (111), ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (112), ചാഡ് (113), സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് (114), യെമൻ (115), സൊമാലിയ (116) എന്നീ രാജ്യങ്ങൾ മാത്രമാണ് പട്ടികയിൽ ഇന്ത്യയേക്കാൾ പുറകിൽ ഉള്ളത്.
പട്ടികയിൽ അയൽ രാജ്യങ്ങളായ പാകിസ്താൻ 92ാം സ്ഥാനത്താണ്, നേപ്പാൾ 76, ബംഗ്ലാദേശ് 76 , മ്യാൻമാർ 71 എന്നീ സ്ഥാനങ്ങളിലാണ്.












Click it and Unblock the Notifications