പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി സർവ്വകകക്ഷി യോഗം വിളിച്ച് കേന്ദ്രം: ക്ഷണം നിരസിച്ച് സിപിഐ
ഡല്‍ഹി: പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. അടുത്ത തിങ്കളാഴ്ചയാണ് യോഗം ചേരുക. കേന്ദ്ര പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. "ഈ മാസം 18 മുതൽ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, 17 ന് വൈകുന്നേരം 4.30 ന് സർവകക്ഷി നേതാക്കന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനുള്ള ക്ഷണം ബന്ധപ്പെട്ട നേതാക്കൾക്ക് ഇമെയിൽ മുഖേന അയച്ചിട്ടുണ്ട്" കേന്ദ്ര മന്ത്രി എക്സില്‍ കുറിച്ചു.
കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എംപി കൂടിയായ ജോഷി കന്നഡയിലും ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ സർവകക്ഷിയോഗം അടുത്ത ആഴ്‌ചത്തെ പാർലമെന്റ് സെഷന്റെ അജണ്ട ചർച്ച ചെയ്‌തേക്കാം. പ്രത്യേക സഭാ സമ്മേളനം വിളിച്ച് ചേർത്തത് വലിയ തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക നാമം ഇന്ത്യയിൽ നിന്ന് ഭാരത് എന്നാക്കി മാറ്റാനുള്ള പ്രമേയം സർക്കാർ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും എന്നതാണ് പ്രധാന അഭ്യൂഹം.

"ഇത് പതിവ് യോഗമാണ്... എന്നാൽ പ്രത്യേക സമ്മേളനം വിളിക്കുന്നതിന് മുമ്പ് സർക്കാർ പ്രതിപക്ഷ നേതാക്കളുമായി കൂടിയാലോചിക്കണമായിരുന്നു," സർവകക്ഷിയോഗത്തിലേക്കുള്ള ക്ഷണം നിരസിച്ചുകൊണ്ട് സി പി ഐ നേതാവായ ഡി രാജ വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. "പ്രത്യേക സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് ആർക്കും അറിയില്ല. എന്തൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടുക?" എന്നുപോലും ആർക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ഓഫീസിൽ നിന്ന് ജി 20 നേതാക്കൾക്കുള്ള ഔപചാരിക ക്ഷണക്കത്തില്‍ "ഭാരതത്തിന്റെ പ്രസിഡന്റ്" എന്ന് വിശേഷിപ്പിച്ചത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു. "ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും..." എന്ന് പറയുന്ന ഭരണഘടനയിലെ വരി ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ അനുകൂലികളുടെ പ്രതിരോധം.
പാർലമെന്റ് പഴയ കെട്ടിടത്തിൽ നിന്ന് പുതിയതിലേക്ക് ഔപചാരികമായി മാറ്റാൻ വേണ്ടിയാണ് പ്രത്യേക സമ്മേളനം വിളിച്ചതെന്നും ചർച്ചയുണ്ട്. ഇത് സെപ്തംബർ 19ന് നടന്നേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സർക്കാരിന്റെ പ്രത്യേക സമ്മേളന പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ വ്യാപക വിമർശനം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications