എംപിമാരെ സസ്പെന്‍ഡ് ചെയ്തതിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരെ കേന്ദ്രം നിശബ്ദരാക്കി: രാഹുല്‍ ഗാന്ധി
ഡല്‍ഹി: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. എംപിമാരെ സസ്പെൻഡ് ചെയ്തതിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരെ സർക്കാർ നിശബ്ദരാക്കിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ പ്രതിപക്ഷ അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ സഖ്യത്തിലെ എംപിമാർ ജന്തർമന്തറില്‍ നടത്തിയ പ്രതിഷേധത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ പ്രതിനിധികളെ സഭയിൽ നിന്ന് പുറത്താക്കിയതിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരെ കേന്ദ്ര സർക്കാർ നിശബ്ദരാക്കുകയാണ് ചെയ്തത് രാഹുല്‍ പറഞ്ഞു. 'ഓരോ എംപിയും ലക്ഷക്കണക്കിന് വോട്ടർമാരെ പ്രതിനിധീകരിക്കുന്നു. എംപിമാരെ സസ്‌പെൻഡ് ചെയ്യുക മാത്രമല്ല, ഇപ്പോൾ സസ്‌പെൻഡ് ചെയ്യപ്പെട്ട ജനപ്രതിനിധികൾക്ക് വോട്ട് ചെയ്ത കോടിക്കണക്കിന് ആളുകളെ നിങ്ങൾ നിശബ്ദരാക്കുകയും ചെയ്തു. മാധ്യമങ്ങളെ നിയന്ത്രിക്കാമെന്ന് അവർ കരുതുന്നു. രാജ്യത്തിന്റെ സമ്പത്ത് അദാനികൾക്ക് നൽകാമെന്ന് അവർ കരുതുന്നു. എന്നിരുന്നാലും, അവർക്ക് ഒരിക്കലും രാജ്യത്തെ യുവാക്കളെ മനസ്സിലാക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്' രാഹുൽ ഗാന്ധി പറഞ്ഞു.

"ഈ പോരാട്ടം സ്നേഹവും വെറുപ്പും തമ്മിലുള്ളതാണ്. ഞാൻ പറഞ്ഞതുപോലെ, നഫ്രത് കെ ബസാർ മൈ ഹം മൊഹബത് കി ദുകാൻ ഖോൽ രഹേ ഹേ" - രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. എങ്ങനെയാണ് രണ്ട് യുവാക്കൾക്ക് ഗ്യാസ് കാനിസ്റ്ററുകളുമായി പാർലമെന്റിൽ പ്രവേശിക്കാൻ കഴിഞ്ഞത്. അവർക്ക് സുരക്ഷാ പരിശോധന മറികടക്കാന്‍ സാധിച്ചു. ഈ സാഹചര്യത്തില്‍ അവർക്ക് മറ്റെന്തെങ്കിലും അകത്തേക്ക് കൊണ്ടു വരാമായിരുന്നു. അവർക്ക് എങ്ങനെയാണ് ഈ പരിശോധനകള്‍ മറികടക്കാന്‍ സാധിച്ചത്" രാഹുല്‍ ചോദിച്ചു.
" സംഭവം നടന്നപ്പോൾ, സ്വയം രാജ്യസ്‌നേഹികൾ എന്ന് വിളിക്കുന്ന ബി ജെ പി എം പിമാർ ഓടിപ്പോയിരുന്നു. ടെലിവിഷനുകൾ ഇത് ജനങ്ങളെ കാണിച്ചില്ല. പക്ഷേ ഹൗസിനുള്ളിലുണ്ടായിരുന്ന ഞങ്ങൾ അതിന് സാക്ഷ്യം വഹിച്ചു" സുരക്ഷാ ലംഘനത്തിനിടെ അവിടെയുണ്ടായിരുന്ന ബിജെപി എംപിമാരെ പരിഹസിച്ചുകൊണ്ട് രാഹുൽ കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരുകളുടെ നയങ്ങളാണ് സുരക്ഷാ ലംഘനത്തിന് കാരണമെന്നും മുന്‍ എ ഐ സി സി അധ്യക്ഷന്‍ ആരോപിച്ചു. യുവാക്കൾക്ക് സർക്കാർ തൊഴിൽ നൽകിയിട്ടില്ല. അതുകൊണ്ടാണ് അവർ ചാടിക്കയറി പാർലമെന്റിൽ കയറിയത്. യുവാക്കളുടെ കാര്യത്തില്‍ സർക്കാർ തികഞ്ഞ അലംഭാവമാണ് പുലർത്തുന്നതെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications