കൊച്ചിയടക്കമുള്ള വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തുര്‍ക്കി കമ്പനിയുടെ അനുമതി റദ്ദാക്കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ പാസഞ്ചര്‍, കാര്‍ഗോ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സേവനങ്ങള്‍ നല്‍കുന്ന തുര്‍ക്കി കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി. ദേശീയ സുരക്ഷയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെടുത്തത് എന്നാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) വ്യക്തമാക്കി. ഇന്നാണ് ഇത് സംബന്ധിച്ച നിര്‍ദേശം ബി സി എ എസ് റദ്ദാക്കിയിരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് തുര്‍ക്കി, പാകിസ്ഥാനെ പിന്തുണയ്ക്കുകയും ഇന്ത്യന്‍ സായുധ സേനയുടെ ഓപ്പറേഷന്‍ സിന്ദൂരിനെ അപലപിക്കുകയും ചെയ്തിരുന്നു. ഇതിനനെത്തുടര്‍ന്ന് തുര്‍ക്കിയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തുര്‍ക്കി കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കിയ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നടപടി.

ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സി വിഭാഗത്തില്‍ 2022 നവംബര്‍ 21 ന് തുര്‍ക്കി ആസ്ഥാനമായുള്ള സെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ക്ലിയറന്‍സ് നല്‍കിയിരുന്നു. ഡല്‍ഹി, ബോംബെ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, കൊച്ചി, കണ്ണൂര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിലെ നിര്‍ണായകമായ ഉയര്‍ന്ന സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ സെലെബി ഏവിയേഷന് കീഴിലാണ് നടക്കുന്നത്.
ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കാര്‍ഗോ സര്‍വീസുകള്‍, എയര്‍സൈഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ ആണ് കമ്പനി കൈകാര്യം ചെയ്യുന്നത്. വിമാനത്താവള മേഖലകളുടെ സെന്‍സിറ്റീവ്, കര്‍ശനമായി നിയന്ത്രിത സ്വഭാവം കാരണം ഇവയെല്ലാം ഉയര്‍ന്ന സുരക്ഷയുള്ളതായി കണക്കാക്കപ്പെടുന്നു. സെലെബി ഏവിയേഷന് രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളാണ് ഉള്ളത്.
ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യയും ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ സേവനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സെലെബി ഡല്‍ഹി കാര്‍ഗോ ടെര്‍മിനല്‍ മാനേജ്മെന്റ് ഇന്ത്യയും. വിമാനത്താവള പ്രവര്‍ത്തനങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് നിര്‍ണായകമായ നിരവധി ഉയര്‍ന്ന സുരക്ഷാ ജോലികള്‍ നിര്‍വഹിക്കുന്നത് സെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യയാണ്.
വിമാനങ്ങളെ ഗ്രൗണ്ടിലേക്ക് നയിക്കുന്ന റാമ്പ് സേവനങ്ങള്‍, ശരിയായ വിമാന ബാലന്‍സ് ഉറപ്പാക്കുന്നതിനുള്ള ലോഡ് നിയന്ത്രണവും ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളും, വിമാനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജുകള്‍ കൈകാര്യം ചെയ്യുന്ന ബ്രിഡ്ജ് പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കാര്‍ഗോ, തപാല്‍ സേവനങ്ങളും വെയര്‍ഹൗസ് മാനേജ്മെന്റും കമ്പനി കൈകാര്യം ചെയ്യുന്നു.
രാജ്യത്തുടനീളം പ്രതിവര്‍ഷം 58,000 വിമാനങ്ങള്‍ ആണ് കമ്പനി കൈകാര്യം ചെയ്യുന്നത്. അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം നിര്‍ണായകമാണ്. നേരത്തെ സെലെബിയുമായുള്ള ബന്ധം വിമാനത്താവള അധികൃതര്‍ വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം) മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ശിവസേന എം എല്‍ എ മുര്‍ജി പട്ടേലാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. 'ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ (തുര്‍ക്കി) കമ്പനികളും അടച്ചുപൂട്ടാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ നിന്ന് പണം സമ്പാദിച്ചത് പാകിസ്ഥാനെ സഹായിക്കാന്‍ ഉപയോഗിക്കുന്നതും മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കില്ല,' മുര്‍ജി പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
വിമാനത്താവള അധികൃതര്‍ തുര്‍ക്കി കമ്പനിയുമായുള്ള ബന്ധം വിച്ഛേദിച്ചില്ലെങ്കില്‍ ശിവസേന 'ഉഗ്ര ആന്ദോളന്‍' ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'നടപടിയെടുക്കാന്‍ ഞങ്ങള്‍ അവര്‍ക്ക് 10 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍, 10,000 ആളുകളുമായി മുംബൈ വിമാനത്താവളത്തില്‍ 'ഉഗ്ര ആന്ദോളന്‍' ആരംഭിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. എന്‍ഡിഎയിലെ സഖ്യകക്ഷിയായ ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം).












Click it and Unblock the Notifications