ജ്വാല അണയുന്നില്ല, ലയിപ്പിക്കുകയാണ്; അമര്‍ ജവാന്‍ ജ്യോതി വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്രം
ദില്ലി: ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയുടെ ജ്വാല അണയുന്നില്ലെന്നും ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി കത്തുന്ന അമര്‍ ജവാന്‍ ജ്യോതി 50 വര്‍ഷത്തിന് ശേഷം അണയ്ക്കുമെന്നും അതിനോട് ചേര്‍ന്നുള്ള ദേശീയ യുദ്ധസ്മാരകത്തിലെ അഗ്‌നിജ്വാലയില്‍ ലയിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സര്‍ക്കാരിന്റെ വിശദീകരണം നല്‍കിയത്.
അമര്‍ ജവാന്‍ ജ്യോതിയുടെ ജ്വാലയുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. അമര്‍ ജവാന്‍ ജ്യോതി കെടുത്തുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. അമര്‍ ജവാന്‍ ജ്യോതി കെടുത്തുകയല്ല, അതിനെ നാഷണല്‍ വാര്‍ മെമ്മോറിയലിലെ ദീപത്തില്‍ വിലയം ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് കേന്ദ്രം ഇപ്പോള്‍ നല്‍കിയ വിശദീകരണം.

അമര്‍ ജവാന്‍ ജ്യോതിയിലെ ജ്വാല 1971 ലെയും മറ്റ് യുദ്ധങ്ങളിലെയും രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചെങ്കിലും അവരുടെ പേരുകളൊന്നും അവിടെ ഇല്ല എന്നത് വിചിത്രമായ കാര്യമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലും ആംഗ്ലോ-അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പോരാടിയ ചില രക്തസാക്ഷികളുടെ പേരുകള്‍ മാത്രമാണ് ഇന്ത്യാ ഗേറ്റില്‍ ആലേഖനം ചെയ്തിരിക്കുന്നത്, അത് നമ്മുടെ കൊളോണിയല്‍ ഭൂതകാലത്തിന്റെ പ്രതീകമാണ്.
എന്നാല്‍ 1971 ലെ യുദ്ധങ്ങളിലും അതിനു മുമ്പും ശേഷവുമുള്ള യുദ്ധങ്ങള്‍ ഉള്‍പ്പെടെ എല്ലാ രക്തസാക്ഷികളുടെയും പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അതിനാല്‍, അവിടെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ജ്വാല ഒരു യഥാര്‍ത്ഥ ശ്രദ്ധാഞ്ജലിയാണെന്ന് കേന്ദ്രം വിശദീകരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനത്തെ വിരോധാഭാസമെന്ന് വിശേഷിപ്പിച്ച സര്‍ക്കാര്‍ പ്രതിപക്ഷത്തെയും ആഞ്ഞടിച്ചു. ഏഴു പതിറ്റാണ്ടായി ദേശീയ യുദ്ധസ്മാരകം നിര്‍മ്മിക്കാത്തവര്‍ നമ്മുടെ രക്തസാക്ഷികള്‍ക്ക് ശാശ്വതവും ഉചിതവുമായ ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ ഇപ്പോള്‍ കരയുന്നത് വിരോധാഭാസമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
Recommended Video
1914 - 1921 കാലഘട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി സൈനികരുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മ്മിച്ചതാണ് ഇന്ത്യാ ഗേറ്റ് സ്മാരകം. എന്നാല്‍ , 1970 - കളില്‍ ശത്രുരാജ്യത്തിലെ 93,000 സൈനികര്‍ കീഴടങ്ങിയ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വന്‍ വിജയത്തിന് ശേഷമാണ് അമര്‍ ജവാന്‍ ജ്യോതി സ്മാരകം ഘടനയില്‍ ഉള്‍പ്പെടുത്തിയത്.


Click it and Unblock the Notifications