യുപി സർവ്വകലാശാലകളിൽ പ്രവേശനം നേടുന്ന മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് കേന്ദ്രം
ഡല്‍ഹി: യുപിയിലെ സർവ്വകലാശാലകളിൽ പ്രവേശനം നേടുന്ന മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം വലിയ തോതില്‍ കുറയുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ ആള്‍ ഇന്ത്യ സർവെ ഓണ്‍ ഹയർ എഡ്യുക്കേഷന്‍ (AISHE) റിപ്പോർട്ട് അനുസരിച്ച് 2019-20 നെ അപേക്ഷിച്ച് 2020-21 ൽ യുപി സർവ്വകലാശാലകളിലെ മുസ്ലീം വിദ്യാർത്ഥികളുടെ പ്രവേശനം 8% കുറഞ്ഞുവെന്നാണ് കേന്ദ്രസർക്കാർ ലോക്സഭയില്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ആകെയുള്ള മുസ്ലീം വിദ്യാർത്ഥികളുടെ പ്രവേശനം 16% ശതമാനമായും കുറഞ്ഞിട്ടുണ്ടെന്നും ബിഎസ്പി എംപി ഡാനിഷ് അലിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സർക്കാർ പാർലമെന്റില്‍ പറഞ്ഞു.
20 ശതമാനം മുസ്ലീം ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ ഇത്തരം എൻറോൾമെന്റുകളിൽ പരമാവധി 36 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സർക്കാർ പറഞ്ഞു.അതേസമയം, രാജ്യത്തെ മൊത്തം കണക്ക് എടുക്കുമ്പോള്‍ മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വർധനവ് ഉണ്ടായിട്ടുണ്ട്, മുസ്ലീം വിദ്യാർത്ഥികളുടെ എൻറോൾമെന്റ് 2016-17 ലെ (AISHE 2016-17 17,39,218 ൽ നിന്ന് 2020-21 ആകുമ്പോഴേക്കും 19,21,713 ആയി വർധിച്ചുവെന്നു മന്ത്രി പറഞ്ഞു.

രാജ്യത്തുടനീളം 1,82,495 (10.5%) വർദ്ധനവാണ് മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. മുസ്ലീം വിദ്യാർത്ഥികളില്‍ തന്നെ സ്ത്രീ മുസ്ലീം വിദ്യാർത്ഥിനികളുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടായി എന്നതാണ് ശ്രദ്ധേയം. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ സ്‌കോളർഷിപ്പുകൾ/ഫെലോഷിപ്പ് സ്‌കീമുകളിലൂടെ സർക്കാർ ന്യൂനപക്ഷ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നത് ഗുണം ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ന്യൂനപക്ഷകാര്യ മന്ത്രാലയം, ബുദ്ധ, ക്രിസ്ത്യൻ, ജൈന, മുസ്ലീം, സിഖ്, സൊരാഷ്ട്രിയൻ (പാർസി) എന്നിങ്ങനെ വിജ്ഞാപനം ചെയ്ത ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനായി പ്രീമെട്രിക്, പോസ്റ്റ്-മെട്രിക്, മെറിറ്റ് കം-മീൻസ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പ് പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ ഉയർത്തുക, ഉന്നതവിദ്യാഭ്യാസത്തിൽ അവരുടെ നേട്ടങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കുക, അവരുടെ തൊഴിലവസരം വർധിപ്പിക്കുക, ദരിദ്രരും മികവുറ്റവരുമായ വിദ്യാർത്ഥികളെ പ്രൊഫഷണൽ, ടെക്‌നിക്കൽ കോഴ്‌സുകൾ പിന്തുടരാൻ പ്രാപ്തരാക്കുക എന്നിവയാണ് സർക്കാർ പദ്ധതികളുടെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പ്രവേശനം മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതികൾ സഹായകമായി.
ദേശീയ വിദ്യാഭ്യാസ നയം 2020, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഉൾപ്പെടുന്ന സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഗ്രൂപ്പുകളിൽ (എസ്ഇഡിജി) ശ്രദ്ധ കേന്ദ്രീകരിച്ച് തുല്യവും സമഗ്രവുമായ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നുവെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications