മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 900 സൈനികരെ കൂടി അയച്ച് കേന്ദ്രം
ന്യൂഡല്‍ഹി: വംശീയ കലാപം നടക്കുന്ന മണിപ്പൂരിലേക്ക് കൂടുതല്‍ സൈനികരെ അയച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മാസം പിന്നിട്ടിട്ടും കലാപത്തിന് അറുതി വരാത്ത പശ്ചാത്തലത്തിലാണിത്. കുകി വിഭാഗവും മെയ്‌തെയ് വിഭാഗവും തമ്മിലാണ് കലാപം. ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം വരികയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് സൈനികരെ അയച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 കമ്പനി സൈന്യത്തെ കൂടി മണിപ്പൂരിലേക്ക് അയച്ചുവെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നീ വിഭാഗത്തില്‍പ്പെട്ട സേനാംഗങ്ങളാണ് മണിപ്പൂരിലെത്തിയത്. തലസ്ഥാനമായ ഇംഫാലിലാണ് 900 സൈനികര്‍ കൂടി ശനിയാഴ്ച എത്തിയതെന്നും ഓഫീസര്‍ പറഞ്ഞു.

മണിപ്പൂരിലെ വിവിധ ജില്ലകളില്‍ ഇവരെ വിന്യസിച്ചു കഴിഞ്ഞു. സൈന്യം, അസം റൈഫിള്‍സ്, മറ്റു വിവിധ കേന്ദ്ര സേനാ വിഭാഗങ്ങള്‍ തുടങ്ങി 40000 സൈനികരെ കേന്ദ്രം മെയ് മാസത്തില്‍ അയച്ചിരുന്നു. മെയ് മൂന്നിലാണ് മണിപ്പൂരില്‍ കലാപം തുടങ്ങിയത്. ഇന്റര്‍നെറ്റ് നിരോധനമുള്ളതിനാല്‍ മണിപ്പൂരില്‍ നിന്നുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം, സേനയെ വിമര്‍ശിച്ച് മണിപ്പൂരിലെ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
സൈന്യത്തിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമാണ് മണിപ്പൂരിലുള്ളതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. വനിതകളാണ് ഇതിന് തടസം നില്‍ക്കുന്നതത്രെ. സൈന്യത്തിന്റെ നീക്കം തടയാന്‍ ഇവര്‍ റോഡുകളും മറ്റും തടസപ്പെടുത്തുകയാണ്. അതേസമയം, മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സൈനികരില്‍ വിശ്വാസമില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സുരക്ഷാ വിഭാഗത്തിന്റെ ആയുധങ്ങളും മറ്റും കലാപകാരികള്‍ കവര്‍ച്ച ചെയ്തിരുന്നു. ഇവയില്‍ മിക്കതും സൈന്യം തിരിച്ചുപിടിച്ചുവെന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. 1195 കവര്‍ന്ന ആയുധങ്ങളും 14332 വെടികോപ്പുകളും തിരിച്ചുപിടിച്ചുവെന്നാണ് പോലീസ് പറയുന്നത്. മൂന്ന് മാസത്തിനിടെ 4000 ആയുധങ്ങളും ലക്ഷക്കണക്കിന് വെടിക്കോപ്പുകളും അക്രമികള്‍ കവര്‍ന്നിരുന്നു. തിരിച്ചുപിടിച്ചത് കൂടുതലും മെയ്‌തേയ് വിഭാഗത്തില്‍ നിന്നാണ്.
ക്രൈസ്തവര്‍ക്കെതിരെ മണിപ്പൂരില്‍ വ്യാപക അക്രമം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നരേന്ദ്ര മോദി അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ചൊവ്വാഴ്ച മുതല്‍ പ്രമേയം ചര്‍ച്ച ചെയ്യും. ഈ മാസം പത്തിന് മോദി പാര്‍ലമെന്റില്‍ മറുപടി പറയുമെന്നാണ് വിവരം.












Click it and Unblock the Notifications