നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യും;വധശിക്ഷക്ക് അനുമതി ലഭിച്ചതിന് പിന്നാലെ കേന്ദ്രം
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നൽകിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പ്രതികരണം.
'യെമനിൽ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രിയയുടെ കുടുംബം സാധ്യമായ വഴികളെല്ലാം തേടുകയാണെന്ന് മനസിലാക്കുന്നു. അവരുടെ മോചനത്തിനായി ശക്തമായ ഇടപെടൽ ഉണ്ടാകും', വിദേശകാര്യ മന്ത്രാലയ വക്താവ് റൺദീർ ജെയ്സ്വാൾ പറഞ്ഞു. വധശിക്ഷ ഒഴിവാക്കുന്നതിനുള്ള
ചർച്ചകൾക്കായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയെ 5 മാസം മുൻപ് യെമൻ തലസ്ഥാനമായ സനായിലെത്തിച്ചിരുന്നു. അതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ഉണ്ടായിരിക്കുന്നത്.

യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമനിൽ നഴ്സായിരുന്നു നിമിഷ പ്രിയ. ഇവിടെ ക്ലിനിക്ക് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ. ഇതിനിടയിൽ സഹായിക്കാമെന്ന് പറഞ്ഞാണ് തലാൽ കൂടെ കൂടിയത്. തുടർന്ന് ക്സിനിക്കിലെ പണം ഇയാൾ കൈവശപ്പെടുത്താൻ തുടങ്ങി. മാത്രമല്ല നിമിഷ പ്രിയയെ ക്രൂരമായി ആക്രമിക്കാനും തുടങ്ങിയത്രേ. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. നിമിഷ പ്രിയയെ ഇയാൾ വിവാഹം കഴിച്ചിരുന്നതായും വാർത്തകളുണ്ട്. ഈ വിവാഹം സാങ്കേതികം മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്.
കൊലയ്ക്ക് പിന്നാലെ തന്നെ നിമിഷ പ്രിയയുടെ യെമൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 2020 ലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. വിധിക്കെതിരായി അപ്പീൽ നൽകിയെങ്കിലും വിവിധ കോടതികൾ ആവശ്യം തള്ളി. തുടർന്ന് വധശിക്ഷ ഒഴിവാക്കാനായി തലാലിന്റെ കുടുംബവുമായി നിമിഷ പ്രിയയുടെ കുടുംബം ചർച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും വിജയിച്ചില്ല.
അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായി നൽകേണ്ട പണം നൽകുന്നതിൽ സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി പരാജയപ്പെട്ടതായി വിമർശനങ്ങൾ ശക്തമാണ്. മാപ്പപേക്ഷ ചര്‍ച്ചകളുടെ രണ്ടാംഗഡുവായി നല്‍കേണ്ട പണം കമ്മിറ്റി യഥാസമയം കൈമാറിയില്ലെന്നും ഇതോടെ തലാലിന്റെ കുടുംബത്തിന് ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെടാൻ കാരണമായെന്നും കുടുംബം ആരോപിച്ചു. ചർച്ചകൾക്ക് തുടക്കമിടാൻ 40,000 യുഎസ് ഡോളറായിരുന്നു കൈമാറേണ്ടിയിരുന്നത്. എന്നാൽ ആദ്യഗഡുവായി 19,871 ഡോളർ മാത്രമാണ് കൈമാറിയിരുന്നത്.












Click it and Unblock the Notifications