പുതിയ ആദായ നികുതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ലോക്‌സഭയില്‍ തിങ്കളാഴ്ച
ന്യൂഡല്‍ഹി: പുതിയ ആദായ നികുതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബില്ല് തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നികുതി സമ്പ്രദായം പരിഷ്‌കരിക്കുന്നതിനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമാണ് ബില്‍. ഡയറക്ട് ടാക്സ് കോഡ് എന്ന് വിളിക്കപ്പെടുന്ന പുതിയ നിയമ നിര്‍മ്മാണം, നിലവിലുള്ള നികുതി ഘടനയെ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധന മന്ത്രി നിര്‍മല സീതാരാമന്‍ പുതിയ പ്രത്യക്ഷ നികുതി കോഡ് കൊണ്ടുവരും എന്ന് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച അവതരിപ്പിക്കുന്ന ബില്ല് കൂടുതല്‍ ചര്‍ച്ചകള്‍ക്കും വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനുമായി ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ സാധ്യതയുണ്ട്. ബില്‍ പുതിയ നികുതികളൊന്നും അവതരിപ്പിക്കില്ലെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്.

നികുതി നിയമങ്ങള്‍ ലഘൂകരിക്കുന്നതിലും അവ്യക്തതകള്‍ നീക്കുന്നതിലും നികുതിദായകര്‍ക്ക് എളുപ്പത്തില്‍ വ്യവസ്ഥകള്‍ സ്വാംശീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിലവിലുള്ള നിയമത്തില്‍ നിരവധി ഭേദഗതികള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുറയ്ക്കുന്നതും കൂടുതല്‍ നികുതിദായക സൗഹൃദവുമാക്കുന്നതും പരിഗണനയിലുണ്ട്.
നിയമപരമായ ഭാഷ ലളിതമാക്കും എന്നതാണ് പുതിയ ബില്ലിന്റെ ഒരു നിര്‍ണായക വശം. സാധാരണ നികുതിദായകര്‍ക്ക് പോലും നികുതി വ്യവസ്ഥകളും അവയുടെ പ്രത്യാഘാതങ്ങളും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതായിരിക്കും പുതിയ ബില്ല്. ഇപ്പോള്‍രാജ്യത്ത് നിലവിലുള്ളത് 1961- ലെ ആദായ നികുതി നിയമമാണ്. പഴയതും പുതിയതുമായ വ്യവസ്ഥകള്‍ കൂട്ടിക്കുഴച്ചത് ആദായ നികുതി നിയമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു.
ഇതെല്ലാം ഏകീകരിച്ച് നിയമം ലളിതമാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ ബില്ലില്‍ അനാവശ്യമായ വകുപ്പുകള്‍ എടുത്തുകളയുകയും ചെയ്യുമെന്നാണ് സൂചന. നികുതി കണക്കാക്കുന്നതിലെ രീതികള്‍ യുക്തിസഹമാക്കുന്നത് ആശയക്കുഴപ്പങ്ങളും തെറ്റുകളും കുറയ്ക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയിരുന്നു.
അതിനാല്‍ സര്‍ക്കാരിന് നികുതിവരുമാനത്തില്‍ കുറവുണ്ടാകുമെന്നത് ഉറപ്പാണ്. ഇത് മറികടക്കാന്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയില്ല എന്നാണഅ വിവരം. എന്നാല്‍ നികുതിദായകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തെ നികുതിദായകരില്‍ 65 ശതമാനത്തിലധികം പേരും പുതിയ നികുതി വ്യവസ്ഥ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.












Click it and Unblock the Notifications