ഇത് ചരിത്രം; ഐആര്‍എസ് ഉദ്യോഗസ്ഥന്റെ പേരും ലിംഗഭേദവും മാറ്റാനുള്ള അപേക്ഷ അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഓഫീസറുടെ എല്ലാ ഔദ്യോഗിക രേഖകളിലും അവരുടെ പേരും ലിംഗഭേദവും മാറ്റാനുള്ള അഭ്യര്‍ത്ഥന അനുവദിച്ച് ധനമന്ത്രാലയം. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ഇതാദ്യമായാണ് ഇത്തരമൊരു നടപടി അനുവദിക്കുന്നത്. അതിനാല്‍ തന്നെ ധനമന്ത്രാലയം സ്വീകരിച്ചത് ചരിത്രപരമായ നടപടിയാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഹൈദരാബാദിലെ കസ്റ്റംസ് എക്സൈസ് ആന്‍ഡ് സര്‍വീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ (സെസ്റ്റാറ്റ്) ചീഫ് കമ്മീഷണറുടെ (അംഗീകൃത പ്രതിനിധി) ഓഫീസില്‍ ജോയിന്റ് കമ്മീഷണറായി നിയമിക്കപ്പെട്ട 35 കാരിയായ എം അനുസൂയയാണ് പേരും ലിംഗഭേദവും മാറ്റാന്‍ അഭ്യര്‍ത്ഥന നടത്തിയത്. തന്റെ പേര് എം അനുകതിര്‍ സൂര്യ എന്നും ലിംഗഭേദം സ്ത്രീയില്‍ നിന്ന് പുരുഷനെന്നും മാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടു.

'മിസ് എം അനുസൂയയുടെ അഭ്യര്‍ത്ഥന പരിഗണിച്ചെന്നും ഇനി മുതല്‍, എല്ലാ ഔദ്യോഗിക രേഖകളിലും ഇവരെ 'മിസ്റ്റര്‍ എം അനുകതിര്‍ സൂര്യ' ആയി അംഗീകരിക്കും' എന്നും ഉത്തരവില്‍ പറയുന്നു. 2013 ഡിസംബറില്‍ ചെന്നൈയില്‍ അസിസ്റ്റന്റ് കമ്മീഷണറായി കരിയര്‍ ആരംഭിച്ചയാഴാണ് അനുകതിര്‍ സൂര്യ. 2018-ല്‍ അനുകതിര്‍ സൂര്യക്ക് ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു.
കഴിഞ്ഞ വര്‍ഷമാണ് ഹൈദരാബാദില്‍ കസ്റ്റംസ് എക്സൈസ് ആന്‍ഡ് സര്‍വീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ (സെസ്റ്റാറ്റ്) ചീഫ് കമ്മീഷണറുടെ (അംഗീകൃത പ്രതിനിധി) ഓഫീസില്‍ ജോയിന്റ് കമ്മീഷണറായി നിയമിക്കപ്പെട്ടത്. ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇവര്‍ 2023-ല്‍ ഭോപ്പാലിലെ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈബര്‍ ലോ, സൈബര്‍ ഫോറന്‍സിക്സില്‍ നിന്നാണ് പിജി ഡിപ്ലോമ പൂര്‍ത്തിയാക്കിയത്.
ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ നടപടികളുടെ പേരില്‍ നേരത്തേയും ഹൈദരാബാദ് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. 2015 ജൂണില്‍, നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റിയിലെ ഒരു നിയമ വിദ്യാര്‍ത്ഥി ബിരുദ സര്‍ട്ടിഫിക്കറ്റില്‍ ലിംഗഭേദം തിരിച്ചറിയരുതെന്ന് സര്‍വകലാശാലയോട് അഭ്യര്‍ത്ഥിച്ചിരുന്നു. 'Ms' എന്നതിനുപകരം 'Mx' എന്ന പ്രിഫിക്സ് നല്‍കാനുള്ള വിദ്യാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന സര്‍വകലാശാല അംഗീകരിച്ചു.
2022 മാര്‍ച്ചില്‍, എല്‍ജിബിടിക്യൂ+ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതിനുള്ള ഒരു ഹോസ്റ്റല്‍ ഫ്‌ലോര്‍ സര്‍വ്വകലാശാല സജ്ജമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം, ഹൈദരാബാദിലെ ഇഎസ്‌ഐ ഹോസ്പിറ്റലിലെ എംഡി എമര്‍ജന്‍സി മെഡിസിന്‍ പ്രോഗ്രാമില്‍ സ്ഥാനം നേടിയ ശേഷം, രാജ്യത്ത് ബിരുദാനന്തര ബിരുദം നേടുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടറായി റൂത്ത് പോള്‍ ജോണ്‍ മാറിയിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ തെലങ്കാന സര്‍ക്കാര്‍ ഒസ്മാനിയ ജനറല്‍ ഹോസ്പിറ്റലില്‍ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്ക് സ്ഥാപിച്ചിരുന്നു. ഇവിടെ നിയമിച്ച ഡോക്ടര്‍മാര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം ലഭിച്ചവരാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍, ഹൈദരാബാദ് സര്‍വ്വകലാശാല 2024-25 അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ നയം പ്രഖ്യാപിച്ചു. ഡല്‍ഹി സര്‍വകലാശാലയ്ക്ക് ശേഷം ഇത് നടപ്പിലാക്കുന്ന രണ്ടാമത്തെ സര്‍വകലാശാലയാണിത്.












Click it and Unblock the Notifications