ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം ; ഔദ്യോഗികമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തിന്റെയും വിക്രം ലാൻഡറിൽ നിന്ന് വേർപെട്ട് ചന്ദ്രോപരിതലത്തിൽ പ്രഗ്യാൻ റോവർ പതിച്ചതിന്റെയും സ്മരണാർത്ഥമാണിത്. ചന്ദ്രയാൻ -3 ന്റെ വിജയത്തിലൂടെ ചരിത്ര നേട്ടം കൈവരിച്ച ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി. നാല് വർഷം മുൻപ് ചന്ദ്രയാൻ -2 ന്റെ ക്രാഷ് ലാൻഡിംഗ് നിരാശയാണ് സമ്മാനിച്ചതെങ്കിലും ചന്ദ്രയാൻ-3 ന്റെ വിജയത്തോടെ ചരിത്രം കീഴടങ്ങുകയായിരുന്നു.

ഇതോടെ ചന്ദ്രനിൽ തൊട്ട നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അതേ സമയം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ചന്ദ്രയാൻ- 3 ന്റെ കണ്ടുപിടിത്തങ്ങൾ വരും വർഷങ്ങളിൽ മനുഷ്യരാശിക്ക് ഗുണം ചെയ്യും. ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയ ദിനം ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവിൽ ഐഎസ്ആർഒ സാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന വേളയിലായിരുന്നു മോദിയുടെ പ്രഖ്യാപനം.
വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനിമുതൽ "ശിവശക്തി പോയിന്റ് ' എന്ന് അറിയപ്പെടുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അന്ന് പറഞ്ഞിരുന്നു . 2019 ൽ ചന്ദ്രയാൻ -2 തകർന്ന ചന്ദ്രനിലെ പോയിന്റിന് 'തിരംഗ' എന്നാണ് പേരിട്ടത്. 2019 ലെ പാഠമുൾക്കൊള്ളുന്നുവെന്നും ഇനിയും പരീക്ഷണ ഘട്ടത്തിൽ വരാനിരിക്കുന്ന വെല്ലുവിളികൾ സ്വീകരിക്കാൻ സന്നദ്ധമാണെന്നും ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു.












Click it and Unblock the Notifications