വാക്സിനേഷനും പരിശോധനയും വർധിപ്പിക്കണം: കേരളമടക്കം 10 സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം,
ദില്ലി: ദിനംപ്രതി കൊവിഡ് കേസുകൾ വർധിക്കുന്നതോടെ കേരളം അടക്കം 10 സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി കേന്ദ്രസർക്കാർ. കൊറോണ വൈറസിന്റെ മൂന്നാംതരംഗത്തെക്കുറിച്ചുള്ള ആശങ്ക തുടരുന്നതിനിടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പുതിയ കേസുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന തോതിലാണ് രേഖപ്പെടുത്തുന്നത്. ഈ പശ്ചാത്തലത്തിൽ രോഗ നിയന്ത്രണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ യോഗം വിളിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ അധ്യക്ഷതയിലായിരുന്നു യോഗം വിളിച്ചത്.
കേരളത്തിന് പുറമേ മഹാരാഷ്ട്ര, കർണ്ണാടക, തമിഴ്നാട്, ഒഡിഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങളാണ് അവലോകനം ചെയ്തിട്ടുള്ളത്. കേരളത്തിലും തുടർച്ചയായ ദിവസങ്ങളിൽ 20000 ന് മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഈ സംസ്ഥാനങ്ങളിൽ വാക്സിനേഷൻ വേഗത്തിലാക്കാനും പരിശോധനകൾ വർധിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. 10 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി റിപ്പോർട്ട് ചെയ്തിട്ടുള്ള ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ ഓരോ സംസ്ഥാനങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്താനും നിർദേശമുണ്ട്.












Click it and Unblock the Notifications