റെംഡിസിവിറിന്റെ വില കുറച്ച് കേന്ദ്രം: ഒരു ഇൻജക്ഷന് 2000 രൂപ വരെ കുറഞ്ഞു
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കൊറോണ വൈറസ് പ്രതിരോധ മരുന്നായ റെംഡിസിവിറിന്റെ വില കുറച്ച് കേന്ദ്രസർക്കാർ. ഒരു ഇൻജക്ഷന് 2000 രൂപ വരെയാണ് കുറച്ചത്. രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതിന് പിന്നാലെ റെംഡിസിവിറിന്റെ കയറ്റുമതിയും കേന്ദ്രസർക്കാർ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നിന്റെ വില കുറയ്ക്കാനുള്ള സർക്കാർ നടപടി. രാസവസ്തു- രാസവള മന്ത്രാലയത്തിന്റേതാണ് ഈ നടപടി. ഇൻജക്ഷന്റെ നിരക്ക് പുതുക്കി നിശ്ചയിച്ചതായി ഔദ്യോഗിക വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ കൊറോണ പ്രതിരോധ മരുന്നു കൂടിയായി ഉപയോഗിക്കുന്ന റെംഡിസിവിർ സാധാരണക്കാർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തൽ. ഇതോടെ പുതുക്കിയ നിരക്ക് പരാമർശിച്ചുകൊണ്ടുള്ള ഉത്തരവ് മരുന്ന് നിർമാണ കമ്പനികള്‍ക്കും സർക്കാർ അയച്ചുനൽകിയിട്ടുണ്ട്. ഉടൻ തന്നെ പുതുക്കിയ നിരക്ക് രാജ്യത്ത് പ്രാബല്യത്തിൽ വരികയും ചെയ്യും. ഏപ്രിൽ 11നാണ് മരുന്നിന്റെ കയറ്റുമതിയ്ക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മരുന്നിന് ക്ഷാമം നേരിടാതിരിക്കാനാണ് മുൻകരുതൽ എന്നോണം മരുന്നിന്റെ കയറ്റുമതി നിർത്തിവെക്കാനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.

അതേസമയം രാജ്യത്തെ കൊവിഡ് സാഹചര്യം നിയന്ത്രണത്തിലാകുന്നതുവരെ വിലക്ക് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മരുന്ന് പൂഴ്ത്തിവെക്കുന്നതായുള്ള പരാതികളും ഉയർന്നിരുന്നു. ഇതോടെയാണ് മരുന്നിന്റെ വില കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകളും ഊർജ്ജിതമായത്. രാജ്യത്ത് ഏഴ് കമ്പനികളാണ് മരുന്ന് ഉൽപ്പാദിപ്പിക്കുന്നത്. മരുന്ന് കമ്പനികളായ കാഡില ഹെൽത്ത് കെയർ, ഡോ. റെഡ്ഡിയുടെ ലബോറട്ടറീസ്, സിപ്ല എന്നിവ അതാത് ബ്രാൻഡുകളായ റെംഡെസിവിർ ഇഞ്ചക്ഷന്റെ വില കുറച്ചു. പല സ്ഥാപനങ്ങളും മരുന്നിന്റെ വില ഏകദേശം 50 ശതമാനം വരെ കുറച്ചിട്ടുണ്ട്.












Click it and Unblock the Notifications