പുൽവാമ ആക്രമണത്തിന് ഉത്തരവാദി കേന്ദ്രസർക്കാർ,രഹസ്യാന്വേഷണ വിഭാഗവും പരാജയപ്പെട്ടു; മുൻ സൈനിക മേധാവി
പൂൽവാമ ആക്രമണത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി.ഭീകരാക്രമണത്തിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിന്റേതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യോമ മാർഗം സഞ്ചരിച്ചിരുന്നുവെങ്കിൽ ഈ ആക്രമണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ടെലിഗ്രാഫ് പത്രത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2500 ഓളം വരുന്ന സൈനികരുമായി പോകുന്ന വാഹനങ്ങൾ - പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഹൈവേയിലൂടെ എടുക്കാൻ പാടില്ലായിരുന്നു. പുൽവാമയിലെ ജീവഹാനിക്ക് പിന്നിലെ പ്രാഥമിക ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലെ സർക്കാരിനാണ്. ആക്രമണത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിനും വലിയ പരാജയമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

'ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ വലിയ വാഹനങ്ങളും വാഹനവ്യൂഹങ്ങളും എല്ലായ്പ്പോഴും ആക്രമിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. സൈനികരെ എയർലിഫ്റ്റ് ചെയ്തിരുന്നെങ്കിൽ ആക്രമണം തടയാമായിരുന്നു. ജമ്മുവിലെ സാംബ (സത്വരി വിമാനത്താവളത്തിൽ നിന്ന് 31 കി.മീ) വഴി പോകുന്ന റോഡ് എല്ലായ്പ്പോഴും ഒരു അപകട സാധ്യത നിലനിൽക്കുന്ന പാതയാണ്. ഭീകരർ നുഴഞ്ഞ് കയറുന്ന മേഖലകൂടിയാണിത്. നാൽപ്പത് സി ആർ പി എഫ് ജവാന്മാർ എന്നത് വലിയൊരു സംഖ്യയാണ്. ജമ്മുകാശ്മീരിൽ വിന്യസിച്ചിരുന്ന സൈനികരാണവർ. ഇന്റലിജെൻസ് വിഭാഗത്തിനും പരാജയം സംഭവിച്ചു', ചൗധരി കുറ്റപ്പെടുത്തി. 1994 മുതൽ 1997 വരെ ഇന്ത്യയുടെ കരസേന മേധാവിയായിരുന്നു ശങ്കർ റോയ് ചൗധരി.
സി ആർ പി എഫ് ജവാന്മാരെ വ്യോമ മാർഗ്ഗം കൊണ്ടു പോകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതാണ് പുൽവാമ ആക്രമത്തിലേക്ക് നയിച്ചതെന്ന് ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കും ആരോപിച്ചിരുന്നു. 'അന്ന് വൈകുന്നേരം ഞാൻ പ്രധാനമന്ത്രിയോട് ഇക്കാര്യം പറഞ്ഞിരുന്നു. അത് നമ്മുടെ തെറ്റായിരുന്നു, സൈനികർക്ക് സഞ്ചരിക്കാൻ വിമനാങ്ങൾ ഒരുക്കണമായിരുന്നു', സത്യപാൽ പറഞ്ഞിരുന്നു. ജവാൻമാരെ റോഡ് മാർഗം കൊണ്ട് പോയ് വീഴ്ചയായിരുന്നുവന്ന് സി ആർ പി എഫ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
2019 ഫെബ്രുവരി 14 നായിരുന്നു പുൽവാമ ഭീകരാക്രമണം നടന്നത്. 40 സൈനികരായിരുന്നു ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.












Click it and Unblock the Notifications