മെഡിക്കല്‍ ഓക്സിജന്റെ സൗജന്യ വിതരണം ഉറപ്പാക്കേണ്ടത് കേന്ദ്രസർക്കാരിന്റെ കടമ: മധ്യപ്രദേശ് ഹൈക്കോടതി
ഭോപ്പാല്‍: മെഡിക്കല്‍ ഓക്സിജന്റെ സൗജന്യ വിതരണം ഉറപ്പാക്കേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഉത്തര്‍പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓക്സിജൻ നീക്കത്തെ യാതൊരു കാരണവശാലും തടസ്സപ്പെടുത്താന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി സീനിയർ അഡ്വക്കേറ്റ് ഡോ. അശ്വനി കുമാർ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ സ്വീകരിച്ച കേസും മറ്റ ഹര്‍ജികളും പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
"വിവിധ സംസ്ഥാനങ്ങൾക്ക് ഓക്സിജന്റെ ക്വാട്ട അനുവദിക്കുന്നത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണ്, അതിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും അന്തർസംസ്ഥാന ഓക്സിജന്‍ നീക്കം ഉൾപ്പെടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാതെ ഓക്സിജൻ വിതരണം ചെയ്യുന്നത് ഉറപ്പാക്കുകയും ചെയ്യണം "-ചീഫ് ജസ്റ്റിസ് മുഹമ്മദ് റാഫിക്, ജസ്റ്റിസ് അതുൽ ശ്രീധരൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഓക്സിജന്റെ ദൗർലഭ്യം, ആശുപത്രികളിലെ കിടക്കകളുടെ കുറവ്, മരണങ്ങളുടെയും പോസിറ്റീവ് രോഗികളുടെയും വിവരങ്ങളുടെ കൃത്രിമത്വം തുടങ്ങിയവ ചൂണ്ടിക്കാട്ടി ശാന്തി മഞ്ച് സമിതി ഉള്‍പ്പടേയുള്ളവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നേരത്തെ സംസ്ഥാനത്തെ ശിവരാജ് സിങ്ങ് സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
ജാർഖണ്ഡിലെ ബൊക്കാരോയിൽ നിന്ന് മധ്യപ്രദേശിലെ സാഗറിലേക്ക് വന്ന ഒരു ഓക്സിജൻ ടാങ്കർ ഞായറാഴ്ച ഉത്തർപ്രദേശിൽ പിടിച്ചിട്ടിരുന്നു. ഫത്തേപൂരിനടുത്ത് വെച്ച് യുപി പോലീസ് ടാങ്കര്‍ യുപിലെ തന്നെ ഝാന്‍സിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. യുപി ആഭ്യന്തര വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത് നടന്നതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് ടാങ്കര്‍ വിട്ട് നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.












Click it and Unblock the Notifications