നിമിഷപ്രിയയ്ക്ക് വേണ്ടി നയതന്ത്ര ഇടപെടല്‍ നടത്താനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
ദില്ലി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി കേസ് ഒത്ത് തീര്‍പ്പാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ യെമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്ക് സഹായം ലഭ്യമാക്കുമെന്നും ബന്ധുക്കള്‍ക്ക് അടക്കം യെമനിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നുള്ള നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
ഇതിനിടെ, സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ആദ്യം ബന്ധുക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കട്ടയെന്ന് നിര്‍ദ്ദേശിച്ചാണ് ദില്ലി ഹൈക്കോടതി ഹര്‍ജി തള്ളിയത്. നടപടികളില്‍ തടസമുണ്ടായാല്‍ ഉചിതമായ സമയത്ത് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ ആണ് കൊല്ലപ്പെട്ടത്. ആ കേസില്‍ നിമിഷ പ്രിയ ലഭിച്ച വധശിക്ഷയില്‍ ഇളവ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ നല്‍കിയ ഹര്‍ജി യെമലിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു. ക്ലിനിക്ക് തുടങ്ങാനായി സഹായിച്ച സ്വദേശിയായ യുവാവിനെ നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. നിമിഷ പ്രിയയെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇയാളുടെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ കോടതിയ്ക്കു മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
നിമിഷ പ്രിയയെ വീട്ടുതടങ്കലിലാക്കിയെന്നും പീഡിപ്പിച്ചെന്നുമാണ് കുടുംബം പറയുന്നത്. ഇയാളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അബദ്ധത്തിലാണ് യെമന്‍ സ്വദേശിയുടെ കൊലപാതകം നടന്നത്, എന്നാണ് കുടുംബം പറയുന്നത്. നിമിഷ പ്രിയയെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും ആരോപിച്ചിരുന്നു. ഇവിടെ നിന്ന് രക്ഷപെടുന്നതിന്റെ ഭാഗമായി ഇയാളുടെ ശരീരത്തില്‍ അമിതമായി മരുന്ന് കുത്തിവെച്ചെന്നും ഇത് മരണത്തിന് കാരണമായി എന്നുമാണ് ആരോപണം. യെമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാന്റെ സഹായത്തോടെ കൊല നടത്തിയ ശേഷം മൃതദേഹം കെട്ടിടത്തിലെ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നത്.
സ്ത്രീയെന്ന പരിഗണന നല്‍കണമെന്നും ജീവരക്ഷയ്ക്കായി നടത്തിയ കൊലപാതകമാണെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അപ്പീല്‍ കോടതിയും ഹര്‍ജി തള്ളിയതോടെ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ട്രിബ്യൂണലിനെ സമീപിക്കുക എന്നത് മാത്രമാണ് ഇനി നിമിഷപ്രിയയ്ക്കു മുന്നിലുള്ള നിയമപരമായ മാര്‍ഗം. എന്നാല്‍ അപ്പീല്‍ കോടതി സ്വീകരിച്ച നടപടികള്‍ ശരിയാണോ എന്നു മാത്രമാണ് സുപ്രീം ട്രിബ്യൂണല്‍ പരിശോധിക്കുക.












Click it and Unblock the Notifications