സമവായ നീക്കവുമായി കേന്ദ്രസർക്കാർ; സിഎപിഎഫിലുംം അസം റൈഫിൾസിലും അഗ്നിവീറുകൾക്ക് 10 ശതമാനം സംവരണം
ദില്ലി; അഗ്നിപഥ് പദ്ധതിയ്ക്കെതിരെ രാജവ്യാപക പ്രതിഷേധം തുടരുന്നതിനിടെ സമവായ നീക്കവുമായി കേന്ദ്ര സർക്കാർ. അഗ്നിവീറുകൾക്ക് സി എ പി എഫിലും അസം റൈഫിൽസിലും 10 ശതമാനം സംവരണം നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. സി എ പി എഫുകളിലും അസം റൈഫിൾസിലും റിക്രൂട്ട്മെന്റിനായി നിശ്ചയിച്ചിട്ടുള്ള പ്രായ പരിധിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് വർഷത്തെ ഇളവാണ് നൽകുക. റിക്രൂട്ട് ചെയ്യുന്ന ആദ്യ ബാച്ചിന് 5 വർഷത്തേക്കാണ് ഇളവ് ലഭിക്കുക.

നടപടികളുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകി. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങൾ തണുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ പുതിയ നീക്കം. നേരത്തേ പ്രതിഷേധം കനത്ത പിന്നാലെ പദ്ധതിയിലെ അംഗമാകാനുള്ള ഉയര്‍ന്ന പ്രായപരിധി 21-ല്‍നിന്ന് 23 ആക്കി കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. ഈ വര്‍ഷത്തേക്കു മാത്രമാണ് ഈ ഉയര്‍ന്ന പ്രായപരിധി ഇളവ്.
സേനകളിൽ കരാർ അടിസ്ഥാനത്തിൽ സൈനികരെ നിയമിക്കുന്ന അഗ്നിപഥി പദ്ധതി ചൊവ്വാഴ്ചയാണ് സർക്കാർ പ്രഖ്യാപിച്ചത്. പതിനേഴര മുതല്‍ 21 വയസുവരെ ഉള്ളവര്‍ക്കാണ് പദ്ധതി. നാല് വര്‍ഷത്തേക്ക് നിയമനം. കഴിവ് തെളിയിക്കുന്ന 25 ശതമാനം പേരെ സ്ഥിരപ്പെടുത്തും.സ്ഥിരനിയമനം നേടുന്ന 25 ശതമാനം പേരൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് പെൻഷൻ ഉണ്ടാകില്ല. അതേസമയം പദ്ധതിക്കെതിരെ രാജവ്യാപക പ്രക്ഷോഭം കൂടുതൽ ശക്തമാകുകയാണ്..
'വാശി' ലുക്ക് കൊള്ളാം..സാരിയുടുത്ത് വന്നാൽ കീർത്തിയെ നോക്കിയിരുന്ന് പോകും';വൈറലായി ചിത്രങ്ങൾ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പരക്കെ അക്രമം തുടരുകയാണ്. പ്രതിഷേധക്കാർ വ്യാപകമായി ട്രെയിനുകൾക്ക് തീയിട്ടു. ബിഹാറിൽ അഞ്ചോളം ട്രെയിനുകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. റെയിൽവേ സ്റ്റേഷനുകൾക്ക് നേരെയും അക്രമം നടന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ബിഹാറിൽ 12 ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. ഞായറാഴ്ച വരെ ഇത് തുടരുമെന്ന് സർക്കാർ അറിയിച്ചു. പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ബിഹാറിൽ ഇന്ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിൽ നാലോളം ജില്ലകളിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. ബിഹാറിൽ പ്രതിഷേധങ്ങളിൽ ഇതുവരെ 500 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട് പോകണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാട് ആവർത്തിക്കുകയാണ് കേന്ദ്രസർക്കാർ. സാഹചര്യം പരിശോധിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications