ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുമായി കേന്ദ്രം; ഇടനിലക്കാരില്ലാതെ ലാഭം നേരിട്ട് ഡ്രൈവര്‍മാര്‍ക്ക്
ന്യൂഡല്‍ഹി: ഓല, ഉബര്‍ പോലുള്ള ആപ്പ് അധിഷ്ഠിത സേവനങ്ങളുടെ മാതൃകയില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഓണ്‍ലൈന്‍ ടാക്‌സി വരുന്നു. 'സഹ്കര്‍ ടാക്‌സി' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം രാജ്യത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനം ചെയ്യുന്ന തരത്തിലാണ് ഒരുക്കുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പാര്‍ലമെന്റില്‍ ആണ് അമിത് ഷായുടെ പ്രഖ്യാപനം.
സഹകരണ അധിഷ്ഠിത റൈഡ്-ഹെയ്ലിംഗ് സേവനമാണ് 'സഹ്കര്‍ ടാക്‌സി'. ഡ്രൈവര്‍മാര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്. ഓല, ഉബര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃകയിലാണ് ഈ സംരംഭം. എന്നാല്‍ ഇടനിലക്കാരുണ്ടാകില്ല. ഈ പദ്ധതി പ്രകാരം, സഹകരണ സംഘങ്ങള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍, ടാക്‌സികള്‍, റിക്ഷകള്‍, ഫോര്‍ വീലറുകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

ഇത് ഡ്രൈവര്‍മാര്‍ക്ക് അവരുടെ മുഴുവന്‍ വരുമാനവും നിലനിര്‍ത്താന്‍ അനുവദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹകരണത്തിലൂടെ അഭിവൃദ്ധി എന്ന ദര്‍ശനവുമായി പൊരുത്തപ്പെടുന്നതാണ് ഈ സംരംഭമെന്നും സഹകരണ ചട്ടക്കൂടിലൂടെ ഡ്രൈവര്‍മാരെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും അമിത് ഷാ അവകാശപ്പെട്ടു. ഈ പദ്ധതിക്ക് വേണ്ടി സഹകരണ മന്ത്രാലയം മൂന്നര വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് അമിത് ഷാ പറഞ്ഞു.
വരും മാസങ്ങളില്‍ തന്നെ പദ്ധതി ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹകരണ സംഘങ്ങള്‍ക്ക് ടാക്‌സികള്‍, റിക്ഷകള്‍, ഇരുചക്ര വാഹനങ്ങള്‍, നാലുചക്ര വാഹനങ്ങള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും. ഇത് മൂന്നാം കക്ഷി പ്ലാറ്റ്ഫോമുകളേക്കാള്‍ ലാഭം നേരിട്ട് ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഒല, ഉബര്‍ അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്.
ഐഫോണ്‍ ഉപയോഗിച്ചും ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ചും യാത്ര ബുക്ക് ചെയ്യുന്നവര്‍ക്ക് വ്യത്യസ്ത യാത്രാനിരക്കുകള്‍ ലഭിക്കുന്നു എന്ന് ഒല, ഉബര്‍ എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഉപഭോക്തൃ കമ്മീഷന്‍ ഇരു കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി അടിസ്ഥാനരഹിതമെന്നാണ് ഇരു കമ്പനികളുടേയും പ്രതികരണം.
നേരത്തെ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സവാരി ആപ്പ് എന്ന പേരില്‍ സമാനമായ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. 2022 ഓഗസ്റ്റ് 17 നായിരുന്നു ഇത്. എന്നാല്‍ യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും പിന്തുണ ലഭിക്കാതെ വന്നതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു.


Click it and Unblock the Notifications