ആരിഫ് മുഹമ്മദ് ഖാനേയും ശ്രീധരന്‍പിള്ളയേയും ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റും; പകരമെത്തുന്നത് ഇവര്‍?
ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനടക്കമുള്ള ഗവര്‍ണര്‍മാരുടേയും ലഫ്. ഗവര്‍ണര്‍മാരുടേയും സ്ഥാനങ്ങളില്‍ മാറ്റം സംഭവിക്കാന്‍ സാധ്യത. ഈ മാസമോ അടുത്ത മാസമോ കേന്ദ്ര സര്‍ക്കാര്‍ നിരവധി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗവര്‍ണര്‍ പദവികള്‍ പുനസംഘടിപ്പിച്ചേക്കും എന്നാണ് വിവരം. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമായിരിക്കും പുനസംഘടന.
കേരളത്തെ കൂടാതെ ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദര്‍,നാഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരേയാണ് പുനസംഘടിപ്പിക്കാന്‍ സാധ്യത. മൂന്നോ അഞ്ചോ വര്‍ഷത്തിലേറെയായി പദവിയിലിരിക്കുന്നവരെയാണ് മാറ്റുന്നത്. ജമ്മു കാശ്മീരിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നാല് വര്‍ഷത്തിലേറെയായി ഗവര്‍ണര്‍ സ്ഥാനത്ത് തുടരുന്നു.

മനോജ് സിന്‍ഹയ്ക്ക് പകരം ആര്‍എസ്എസ് നേതാവും ബി ജെ പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ രാം മാധവ് ജമ്മു കാശ്മീര്‍ ലഫ്. ഗവര്‍ണറായേക്കും. ആരിഫ് മുഹമ്മദ് ഖാന്‍ അഞ്ച് വര്‍ഷത്തിലേറെയായി കേരള ഗവര്‍ണര്‍ സ്ഥാനത്ത് തുടരുകയാണ്. പകരം മറ്റൊരു സംസ്ഥാനത്തെ ഗവര്‍ണര്‍ പദവിയോ ഉന്നത നേതൃസ്ഥാനമോ ആണ് ആരിഫ് മുഹമ്മദ് ഖാന് നല്‍കുക എന്നാണ് വിവരം.
2017 ഒക്ടോബര്‍ മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ലഫ്. ഗവര്‍ണര്‍ ചുമതലയിലുള്ള ദേവേന്ദ്ര കുമാര്‍ ജോഷി പകരം കേരള ഗവര്‍ണറായേക്കും. നാവികസേന മുന്‍ മേധാവി കൂടിയാണ് ദേവേന്ദ്ര കുമാര്‍ ജോഷി. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ടും ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ഗവര്‍ണര്‍ ആചാര്യ ദേവ്രത്തും മൂന്നു വര്‍ഷത്തിലേറെയായി അതത് സ്ഥാനങ്ങളില്‍ തുടരുകയാണ്.
2021 ജൂലൈ 15 ന് അധികാരമേറ്റ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയും 2021 ജൂലൈ 15 മുതല്‍ അധികാരത്തിലിരിക്കുന്ന ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയും ഗവര്‍ണര്‍ പദവിയില്‍ മൂന്ന് വര്‍ഷത്തിലധികം കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് സി പട്ടേലും ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഗുര്‍മിത് സിംഗും മൂന്ന് വര്‍ഷ കാലാവധി പിന്നിട്ടവരാണ്.
തമിഴ്‌നാട്ടില്‍ നിന്നുള്ള ആര്‍എന്‍ രവിയും മൂന്ന് വര്‍ഷത്തിലേറെ ഗവര്‍ണര്‍ സ്ഥാനത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മുതിര്‍ന്ന ബി ജെ പി നേതാക്കളെ ഗവര്‍ണര്‍ സ്ഥാനത്തേക്കും ലഫ്. ഗവര്‍ണര്‍ സ്ഥാനത്തേക്കും പരിഗണിച്ചേക്കും എന്നാണ് വിവരം. മുന്‍ എംപിമാരായ അശ്വനി ചൗബെ, വികെ സിംഗ്, മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.












Click it and Unblock the Notifications