റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് തുടര്‍ന്നേക്കും? കേന്ദ്രത്തിന്റെ പിന്തുണയ്ക്ക് പിന്നില്‍ ഇത്..
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് ശക്തികാന്ത ദാസ് വീണ്ടും തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. അതേസമയം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചാല്‍ 1960-കള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ആര്‍ബിഐ മേധാവിയായിരുന്ന ആളായി അദ്ദേഹം മാറും.
2018 ഡിസംബര്‍ മുതല്‍ ആര്‍ബിഐയുടെ തലവനാണ് ശക്തികാന്ത ദാസ്. സമീപകാലങ്ങളായി കാണുന്ന അഞ്ച് വര്‍ഷത്തെ ടേം എന്ന കാലാവധി ഇതിനകം അദ്ദേഹം മറികടന്നിട്ടുണ്ട്. ശക്തികാന്ത ദാസിന്റെ നിലവിലെ കാലാവധി 2024 ഡിസംബര്‍ 10-ന് അവസാനിക്കും. 1949 മുതല്‍ 1957 വരെ 7.5 വര്‍ഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന പദവി വഹിച്ച ബെനഗല്‍ രാമ റാവുവാണ് ഏറ്റവും കൂടുതല്‍ കാലം ആര്‍ബിഐ ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്.

നിലവില്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മറ്റാരും ഇപ്പോള്‍ പരിഗണിക്കപ്പെടുന്നില്ല എന്നാണ് വിവരം. മാത്രമല്ല ഇതിനായി ഒരു സെലക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടില്ല. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം കാലാവധി നീട്ടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. നിലവില്‍ മാതൃകാ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കഴിയും വരെ നിയമനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ട്.
ശക്തികാന്ത ദാസിന്റെ കാലാവധി സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ബന്ധം വഷളായ ഒരു കാലഘട്ടത്തിലാണ് പരിചയസമ്പന്നനായ ബ്യൂറോക്രാറ്റായ ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി നിയമിതനായത്. ശക്തികാന്ത ദാസിന്റെ കാലത്ത് കൊവിഡ് സമയത്തെ സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
നിരവധി നിര്‍ണായക നയ തീരുമാനങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആണ് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും രൂപയെ സ്ഥിരപ്പെടുത്തുന്നതിനും സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും ആര്‍ബിഐ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആര്‍ബിഐയും സര്‍ക്കാരും തമ്മില്‍ സുസ്ഥിരമായ ബന്ധം നിലനിര്‍ത്താനുള്ള കഴിവാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നതിന് പിന്നിലെ പ്രധാന ഘടകം എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍, ആഗോള സാമ്പത്തിക അനിശ്ചിതത്വം, സ്ഥിരമായ ഒരു ധനനയത്തിന്റെ ആവശ്യകത തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി തുടരുന്നത് നിര്‍ണായകമാകും.












Click it and Unblock the Notifications