'നെഹ്റുവിന് അടുത്ത വെട്ട്'; നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേര് മാറ്റി കേന്ദ്രം
ഡല്‍ഹി: പ്രശസ്തമായ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (PMML) സൊസൈറ്റി എന്നാണ് പുതിയ പേര്. "നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി (NMML) ഇപ്പോൾ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (PMML) സൊസൈറ്റിയാണ്' പിഎംഎംഎൽ വൈസ് ചെയർമാൻ എ സൂര്യ പ്രകാശ് ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനേയും സൂര്യ പ്രകാശ് ടാഗ് ചെയ്തിട്ടുമുണ്ട്.
മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പ്രത്യേക യോഗത്തിൽ ജൂൺ മാസത്തോടെ തന്നെ പുനർനാമകരണം സംബന്ധിച്ച തീരുമാനം അധികൃതർ സ്വീകരിച്ചിരുന്നു. 1964-ൽ മരിക്കുന്നതുവരെ 16 വർഷം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന കെട്ടിടമാണ് പിന്നീട് നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയായി മാറിയത്. ഇത്തരത്തില്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായി ശക്തമായ ബന്ധമുള്ള സ്ഥാപനത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തില്‍ വലിയ വിമർശനവും ഉയർന്ന് വരുന്നു. ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമ്പോള്‍ മ്യൂസിയത്തിനും ലൈബ്രറിക്കും ജവഹർലാല്‍ നെഹ്റുവിന്‍റെ പേര് പുനസ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ഇന്ത്യയിലെ ബ്രിട്ടീഷ് ആർമിയുടെ കമാൻഡർ-ഇൻ-ചീഫിന്റെ വസതിയായി 1929-30 കാലഘട്ടത്തിലാണ് തീൻ മൂർത്തി ഭവനെന്ന കെട്ടിടം നിർമ്മിച്ചത്. പിന്നീട് നെഹ്‌റു തന്റെ ഔദ്യോഗിക വസതിയായി തീന്‍മൂർത്തി ഭവന്‍ തിരഞ്ഞെടുക്കുകയായിരുന്നു. നെഹ്‌റുവിന്റെ കാലശേഷം അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണനാണ് കെട്ടിടം നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയായി പ്രഖ്യാപിച്ചത്.
സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനം ആധുനികവും സമകാലികവുമായ ഇന്ത്യയെക്കുറിച്ചുള്ള വിപുലമായ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. സ്മാരക മ്യൂസിയം, ആധുനിക ഇന്ത്യയെക്കുറിച്ചുള്ള ലൈബ്രറി, സമകാലിക പഠന കേന്ദ്രം, നെഹ്‌റു പ്ലാനറ്റോറിയം എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍.
നെഹ്‌റുവിന്റെ ജീവിതവും സംഭാവനകളും വ്യക്തമാക്കുന്നവയ്ക്ക് പുറമെ 500,000-ലധികം പുസ്തകങ്ങളും ജേണലുകളും, 150,000 ഫോട്ടോഗ്രാഫുകളും, 1,000 സ്വകാര്യ പേപ്പറുകളുടെ ശേഖരങ്ങളും, 800,000 മണിക്കൂർ നീണ്ട് നില്‍ക്കുന്ന സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള റെക്കോർഡ് ചെയ്‌ത അഭിമുഖങ്ങളും ഇവിടേയുണ്ട്. മഹാത്മാഗാന്ധി, രാജ ഗോപാലാചാരി, ശ്യാമപ്രസാദ് മുഖർജി തുടങ്ങിയവരുടെ കത്തുകളും ഈ ചരിത്ര മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.












Click it and Unblock the Notifications