50 മെഡിക്കൽ കോളേജുകൾ അനുവദിച്ച് കേന്ദ്രം; കേരളത്തിന് അവഗണന, ഒന്നുപോലുമില്ല
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ച് കേന്ദ്രസർക്കാർ. എന്നാൽ പുതുതായി അനുവദിച്ച മെഡിക്കൽ കോളേജുകളിൽ ഒന്നുപോലും കേരളത്തിനില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളും പുതിയ മെഡിക്കൽകോളേജ് അനുവദിക്കണമെന്ന ആവശ്യം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം പുതിയ 50 കോളേജുകൾ അനുവദിച്ചത്.
ഈ 50 കോളേജുകൾ 30 എണ്ണം സർക്കാർ കോളേജുകളാണ്. 20 കോളേജുകൾ സ്വകാര്യ കോളേജുകളാണ്. ഇതോടെ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 702 ആയി. തെലങ്കാനയിൽ മാത്രം 12 പുതിയ മെഡിക്കൽ കോളേജുകൾ കേന്ദ്രം അനുവദിച്ചു.

ആന്ധ്രാപ്രദേശിൽ അഞ്ച് കേളേജുകളും അസമിലും ഗുജറാത്തിലും മൂന്നെണ്ണവും ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ രണ്ട് കേളേജുകൾ വീതവുമാണ് അനുവദിച്ചത്. കർണാടകയിൽ മൂന്നും മഹാരാഷ്ട്രയിൽ നാലും മധ്യപ്രദേശിലും നാഗാലാൻഡിലും ഒന്ന് വീതവുമാണ് അനുവദിച്ചത്.
ഒഡീഷയിൽ രണ്ട് കോളേജുകളും രാജസ്ഥാനിൽ അഞ്ച് കേളേജുകളും തമിഴ്നാട്ടിൽ മൂന്നും ബംഗാളിൽ രണ്ടും അനുവദിച്ചു. യുപിയിൽ ഒരു കോളേജാണ് അനുവദിച്ചത്. 8,195 എംബിബിഎസ് സീറ്റുകൾ കൂടി കൂട്ടിച്ചേർക്കുകയും രാജ്യത്തെ മൊത്തം ബിരുദ സീറ്റുകളുടെ എണ്ണം 1,07,658 കവിയുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് അനുവദിക്കണം എന്ന് കേരള സർക്കാർ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. നേരത്തെ നഴ്‌സിങ് കോളേജുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിലും കേന്ദ്രം കേരളത്തെ അവഗണിച്ചിരുന്നു. അതേസമയം മെഡിക്കൽ കോളേജുകളുടെ പട്ടിക ഔദ്യോഗികമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
ദേശീയ മെഡിക്കൽ കമ്മീഷന്റെ (എൻഎംസി) അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് നടത്തിയ പരിശോധനയിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് രാജ്യത്തെ 38 മെഡിക്കൽ കോളജുകളുടെ അംഗീകാരം കഴിഞ്ഞ രണ്ടര മാസത്തിനിടെ പിൻവലിച്ചിരുന്നു. അംഗീകാരം നഷ്ടപ്പെട്ട കോളേജുകൾക്ക് ഒരു തവണ എൻഎംസിയിലും പിന്നീട് ആരോഗ്യമന്ത്രാലയത്തിലും പ്രശ്നങ്ങൾ പരിഹരിച്ച് അപ്പീൽ നൽകാൻ അനുമതിയുണ്ട്.












Click it and Unblock the Notifications