ജമ്മു കശ്മീരിലെ സര്‍വ്വകക്ഷിയോഗം കഴിഞ്ഞു, അടുത്തത് ലഡാക്കിലും കാര്‍ഗിലിലും... ജൂലായ് 1 ന്
ദില്ലി: ഭരണഘടനയുടെ 370 ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചിരിക്കുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുന്നു. അതിനിടെ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വ്വകക്ഷി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നേതൃത്വത്തില്‍ നടന്നിരുന്നു.
അടുത്ത ഘട്ടത്തില്‍ ലഡാക്കിലും കാര്‍ഗിലിലും സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജൂലായ് 1 ന് ആണ് യോഗം നടക്കുക. രാഷ്ട്രീയ പാര്‍ട്ടികളേയും പൊതു സമൂഹത്തിന്റെ പ്രതിനിധികളേയും കൂടാതെ മുന്‍ എംപിമാരേയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ നേതൃത്വത്തിലാണ് യോഗം.

ജൂണ്‍ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ഏതാണ്ട് മൂന്നര മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ജമ്മു കശ്മീരില്‍ നിന്നുള്ള 14 രാഷ്ട്രീയ നേതാക്കളും നാല് മുന്‍ മുഖ്യമന്ത്രിമാരും ആയിരുന്നു ആ യോഗത്തില്‍ പങ്കെടുത്തത്. ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനും അതിന് മുന്നോടിയായി മണ്ഡല പുനര്‍നിര്‍ണയം നടത്താനും ആണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പൂര്‍ണ സംസ്ഥാന പദവിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കേന്ദ്ര സര്‍ക്കാരും ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളും തമ്മില്‍ നടത്തിയ ആദ്യ ചര്‍ച്ച ആയിരുന്നു അത്. 2019 ല്‍ പ്രത്യേക അവകാശം റദ്ദാക്കിയതിന് തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ ആയിരുന്നു ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്നത്. മുന്‍ മുഖ്യമന്ത്രിമാരെ അടക്കം മാസങ്ങളോളം വീട്ടുതടങ്കലില്‍ പാര്‍പിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും ഏറെക്കാലും നിര്‍ത്തിവച്ചിരുന്നു.
ഇതിനിടെ ലഡാക്കില്‍ നിന്നുള്ള എംപി ജമ്യാങ് സെറിങിന്റെ ഒരു ട്വീറ്റും ചര്‍ച്ചയായിരുന്നു. മോദിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം നടക്കുന്നതിന് മുമ്പായിരുന്നു ഇത്. ഗുപ്കാര്‍ സഖ്യത്തിന് ലഡാക്കിലെ ജനങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ അവകാശമില്ലെന്നായിരുന്നു ജമ്യാങ് സെറിങ്ങിന്റെ ട്വീറ്റ്.












Click it and Unblock the Notifications