എല്ലാവരെയും തിരിച്ചയയ്ക്കേണ്ടതില്ല: അതിഥി തൊഴിലാളി വിഷയത്തിൽ സംസ്ഥാന സർക്കാരുകളെ തിരുത്തി കേന്ദ്രം
ദില്ലി: അതിഥി തൊഴിലാളി വിഷയത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. എല്ലാ കുടിയേറ്റ തൊഴിലാളികളെയും സ്വദേശത്തേയ്ക്ക് മടക്കിയയ്‌ക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുള്ളത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിച്ചു വരുന്നതിനിടെ കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് കത്തയയ്ക്കകുയായിരുന്നു.
വീടുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിന് വേണ്ടിയല്ല, മറിച്ച് മറ്റ് സ്ഥലങ്ങളിൽ കുടുങ്ങിപ്പോകുകയും മടങ്ങിപ്പോകാൻ സാധിക്കുകയും ചെയ്യാത്തവരെ മാത്രം തിരികെയെത്തിച്ചാൽ മതിയെന്നും കേന്ദ്രം കത്തിൽ നിർദേശിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായ പല സംസ്ഥാനങ്ങളും റെയിൽവേ മന്ത്രാലയത്തോട് ട്രെയിനുകൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രം ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തുന്നത്. കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുള്ളത്.

അന്യനാടുകളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവ് അർഹതയില്ലാത്തവർക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാകവരുതെന്ന് ഉറപ്പാക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്കോ അല്ലാതെയോ താമസിച്ച് വരുന്നവർക്ക് വീടുകൾ സന്ദർശിക്കുന്നതിന് വേണ്ടിയല്ല ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളതെന്നും കേന്ദ്രം ഓർമിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 14 ലക്ഷം അതിഥി തൊഴിലാളികളെയാണ് സ്വദേശത്തേക്ക് എത്തിക്കേണ്ടതെന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദേശം. ഇതിന്റെ ഭാഗമായി പ്രത്യേക ട്രെയിനുകളിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് ആളുകളെ കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications