കേന്ദ്രത്തിനും അമിത് ഷായ്ക്കും രണ്ട് സ്വരം?
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാല്‍ സര്‍ക്കാര്‍. പ്രസിഡണ്ട് അമിത് ഷാ എന്നാല്‍ പാര്‍ട്ടി. നരേന്ദ്ര മോദിയുടെ അങ്ങേയറ്റം വിശ്വസ്തനാണ് അമിത് ഷാ എന്നാണ് കരുതപ്പെടുന്നത്. അപ്പോള്‍ പിന്നെ അമിത് ഷായ്ക്കും സര്‍ക്കാരിനും എല്ലാ കാര്യത്തിലും ഒരേ അഭിപ്രായം ഉണ്ടാകേണ്ടതാണ്. ഇത് വരെ അങ്ങനെയായിരുന്നു താനും. പ്രസിഡണ്ടായി സ്ഥാനമേറ്റ ശേഷം ആദ്യമായി സര്‍ക്കാരും അമിത് ഷായും ഒരുകാര്യത്തില്‍ രണ്ടഭിപ്രായം പറഞ്ഞിരിക്കുകയാണ്.

പശ്ചിമബംഗാളിലെ ബര്‍ദ്വാന്‍ സ്‌ഫോടനത്തിന്റെ കാര്യത്തിലാണ് സര്‍ക്കാരിനും പാര്‍ട്ടി പ്രസിഡണ്ടിനും രണ്ടഭിപ്രായമുള്ളത്. ബര്‍ദ്വാന്‍ സ്‌ഫോടനത്തിന് ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധമുണ്ട് എന്നാണ് അമിത് ഷായുടെ അഭിപ്രായം. എന്നാല്‍ അത്തരത്തില്‍ ഒരു തെളിവ് തങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് രാജ്യസഭയില്‍ ഈ വിശദീകരണം നല്‍കിയത്.

കൊല്‍ക്കത്തയിലെ റാലിയില്‍ സംസാരിക്കവേ ഞായറാഴ്ചയാണ് അമിത് ഷാ ശാരദ ചിട്ടിതട്ടിപ്പിന് ബര്‍ദ്വാന്‍ സ്‌ഫോടനവുമായി ബന്ധമുള്ള കാര്യം പറഞ്ഞത്. രണ്ട് കാര്യങ്ങളും അന്വേഷിക്കുമ്പോള്‍ ഒന്നിന് മറ്റൊന്നുമായി ബന്ധമുള്ളത് കാണാം. ശാരദ ചിട്ടിതട്ടിപ്പിലെ പണം ബര്‍ദ്വാന്‍ സ്‌ഫോടനത്തിന് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട് എന്നും ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞു.

ശാരദ തട്ടിപ്പ് കേസിലെ പ്രതികളെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതായും അമിത് ഷാ ആരോപിച്ചു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന വന്നതോടെ അമിത് ഷായ്‌ക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍ രംഗത്തെത്തി. ബര്‍ദ്വാന്‍ സ്‌ഫോടനത്തിന് ശാരദ ചിട്ടിതട്ടിപ്പ് പണം ഉപയോഗിച്ചു എന്ന് അമിത് ഷാ നുണ പറയുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം തുറന്ന പോരിലാണ് മമതാ ബാനര്‍ജിയുടെ തൃണമൂലും കേന്ദ്രം ഭരിക്കുന്ന ബി ജെ പി യും.













Click it and Unblock the Notifications