ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ
ദില്ലി: ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ. കാലാവാധി 2022 മാർച്ച് 15 വരെ നീട്ടിയതായിട്ടാണ് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച വ്യക്തമാക്കിയത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്. നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനൊപ്പം ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്.
"1961ലെ ഐടി ആക്ട് പ്രകാരം 2021-22 സാമ്പത്തികെ വർഷത്തിലെ ഓഡിറ്റ് റിപ്പോർട്ടുകൾ ഇ-ഫയലിംഗ് ചെയ്യുന്നതില്‍ കോവിഡ് കാരണം നികുതിദായകർക്ക് ഏർപ്പെട്ട ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സമയപരിധി നീട്ടിനല്‍കുന്നു. സിബിഡിറ്റ് ഓഡിറ്റ് റിപ്പോർട്ടുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതികൾ കൂടി ഇതോടൊപ്പം നീട്ടുന്നു.''- ആദായനികുതി വകുപ്പ് ട്വിറ്ററിലൂടെ വ്യക്തമാക്കി

1961ലെ ഐടി ആക്ട് പ്രകാരം 2021-22 വർഷത്തേക്കുള്ള ഓഡിറ്റ് റിപ്പോർട്ടുകൾ ഇ-ഫയലിംഗ് ചെയ്യുന്നതിൽ ആളുകൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാണ് ഈ തീരുമാനമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിനും അക്കൗണ്ടന്റിൽ നിന്ന് റിപ്പോർട്ട് നൽകുന്നതിനുമുള്ള അവസാന തീയതി 2022 ഫെബ്രുവരി 15 വരെയാണ് നീട്ടിയിരിക്കുന്നത്.
ആദായ നികുതിയിൽ കേന്ദ്രസർക്കാർ മാറ്റത്തിനൊരുങ്ങുന്നതായുള്ള റിപ്പോർട്ട്. ഇത്തവണത്തെ ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്താനാണ് തീരുമാനം. എന്നാല്‍ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കില്ല
അതിനിടെ, കേരളത്തിൽ വിവിധ ജില്ലകളിൽ ആദായനികുതി വകുപിൻറെ പരിശോധന നടത്തി. ക്വാറി പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് ഗ്രൂപ്പുകളിൽ നിന്ന് ആദായനികുതി വകുപ്പ് തിരച്ചിലും പിടിച്ചെടുക്കലും നടത്തി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലായി 35-ലധികം സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. തിരച്ചിൽ വേളയിൽ , യഥാർത്ഥ വിൽപ്പനയുടെയും പണത്തിന്റെ രസീതിന്റെയും എൻട്രികൾ രേഖപ്പെടുത്തുന്ന സമാന്തര അക്കൗണ്ട് ബുക്കുകൾ ഉൾപ്പെടെ കുറ്റകരമായ വിവിധ രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. സ്ഥിരമായി രേഖപ്പെടുത്തേണ്ട അക്കൗണ്ട് ബുക്കിൽ കാണിക്കാതെ യഥാർത്ഥ വിൽപ്പന മറച്ചു വച്ചതായി കണ്ടെത്തിയതായും ആദായ നികുതി വകുപ്പ് അറിയിച്ചു.
കണക്കിൽപ്പെടാത്ത പണം, സ്ഥാവര സ്വത്തുക്കൾ സമ്പാദിക്കുന്നതിനും പണവായ്പകളുടെ ബിസിനസ്സിനും മറ്റ് ബിസിനസ്സുകളിലെ രേഖപ്പെടുത്താത്ത മൂലധന നിക്ഷേപങ്ങൾക്കും വ്യവസ്ഥാപിതമായി നിക്ഷേപിക്കപ്പെടുന്നുവെന്നുമാണ് ഈ തെളിവുകള്‍ വ്യക്തമാക്കുന്നതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വസ്തുവകകൾ വാങ്ങുന്നതിന് പണം നൽകിയതിന്റെയും വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളിൽ ഗണ്യമായ പണം നിക്ഷേപിച്ചതിന്റെയും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഇത്തരം ഇടപാടുകളിൽനിന്നുണ്ടാകുന്ന മൂലധന നേട്ടം കൃത്യമായി കണക്കാക്കാതെ സ്ഥാവര വസ്‌തുക്കൾ വിറ്റതായി സംഘത്തിന്റെ വിലയിരുത്തലുകൾ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ 2.30 കോടിയിലധികം രൂപയുടെ കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തു. ഇതുവരെയുള്ള അന്വേഷണത്തിൽ കണക്കിൽപ്പെടാത്ത 200 കോടി രൂപയുടെ വരുമാനം കണ്ടെത്താനായെന്നും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications