കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തി

  • By Desk
Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ ശേഷം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ചട്ടങ്ങള്‍ തിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് തിരുത്തേണ്ടിവന്നത്. കശ്മീരികളെ അപമാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല കുറ്റപ്പെടുത്തിയിരുന്നു.

മറ്റു കശ്മീരി പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നു. മാത്രമല്ല, കശ്മീരിലെ ബിജെപിയും ആര്‍എസ്എസും കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്ത് വന്നതോടെ ആഭ്യന്തര മന്ത്രാലയം അമ്പരന്നു. ഒടുവില്‍ ചട്ടങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

അപ്രതീക്ഷിത പ്രതിഷേധം

അപ്രതീക്ഷിത പ്രതിഷേധം

കശ്മീരിലെ സ്ഥിരതാമസക്കാരെ നിര്‍ണയിക്കുന്നതിനുള്ള ചട്ടങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. സ്ഥിര താമസക്കാരെ നിര്‍ണയിക്കുന്ന രീതി വ്യക്തമാക്കിയതിന് പുറമെ, അവര്‍ക്ക് സംവരണം ചെയ്ത ജോലികള്‍ ഏതാണെന്നും ചട്ടത്തില്‍ വിശദീകരിച്ചിരുന്നു. ഇതിനെതിരെ അപ്രതീക്ഷിത പ്രതിഷേധമാണ് ഉയര്‍ന്നത്.

മാറ്റം വരുത്തി

മാറ്റം വരുത്തി

കശ്മീരിലെ ബിജെപി, ആര്‍എസ്എസ് നേതൃത്വവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രംഗത്തുവന്നതാണ് മോദി സര്‍ക്കാരിനെ വെട്ടിലാക്കിയത്. ഒടുവില്‍ ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. സ്ഥിരതാമസ രേഖയുള്ള എല്ലാവര്‍ക്കും എല്ലാ ജോലിയിലും സംവരണം ഏര്‍പ്പെടുത്തി പുതിയ ഉത്തരവിറക്കി.

 ചട്ടത്തിലെ വിവാദ ഭാഗം

ചട്ടത്തിലെ വിവാദ ഭാഗം

സ്ഥിരതാമസക്കാരെ നിര്‍ണയിക്കുന്ന ചട്ടത്തില്‍ താഴ്ന്ന പോസ്റ്റുകളാണ് പ്രദേശവാസികള്‍ക്ക് നീക്കിവച്ചിരുന്നത്. ഇത് കശ്മീരികളെ അപമാനിക്കുന്ന നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല കുറ്റപ്പെടുത്തിയിരുന്നു. അടുത്തിടെ രൂപീകരിച്ച കശ്മീര്‍ അപ്‌നി പാര്‍ട്ടിയും ചട്ടത്തിനെതിരെ രംഗത്തുവന്നു.

ആരാണ് സ്ഥിരതാമസക്കാരന്‍

ആരാണ് സ്ഥിരതാമസക്കാരന്‍

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 15 വര്‍ഷമായി താമസിക്കുന്ന വ്യക്തിയെ സ്ഥിരതാമസക്കാരനായി കണക്കാക്കുമെന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. മാത്രമല്ല ഏഴ് വര്‍ഷമായി കശ്മീരില്‍ പഠിക്കുന്ന വിദ്യാര്‍ഥി, കശ്മീരില്‍ 10, 12 ക്ലാസുകളിലെ പരീക്ഷ എഴുതിയ വ്യക്തി എന്നിവരെല്ലാം സ്ഥിരതാമസ യോഗ്യതയുള്ളവരായി മാറും.

ഉദ്യോഗസ്ഥരുടെ മക്കളും

ഉദ്യോഗസ്ഥരുടെ മക്കളും

കഴിഞ്ഞ പത്ത് വര്‍ഷമായി കശ്മീരില്‍ സേവനം അനുഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കളെയും പുതിയ ചട്ട പ്രകാരം സ്ഥിരതാമസക്കാരായി പരിഗണിക്കും. തഹസില്‍ദാര്‍മാര്‍ക്കാണ് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അധികാരമുള്ളത്. മറ്റ് ഏത് ഓഫീസര്‍ക്കാണ് ഈ അധികാരമുള്ളത് എന്ന് കശ്മീര്‍ സര്‍ക്കാരിന് തീരുമാനിക്കാമെന്നും ചട്ടത്തില്‍ പറയുന്നു.

 ജൂനിയര്‍ അസിസ്റ്റന്റ്, പ്യൂണ്‍

ജൂനിയര്‍ അസിസ്റ്റന്റ്, പ്യൂണ്‍

എന്നാല്‍ ഇത്തരത്തില്‍ സ്ഥിരതാമസക്കാരായി കണക്കാക്കിയവര്‍ക്ക് താഴ്ന്ന തസ്തികകള്‍ മാത്രമാണ് നീക്കിവച്ചത്. ജൂനിയര്‍ അസിസ്റ്റന്റ്, പ്യൂണ്‍ തുടങ്ങിയ വകുപ്പുകളിലെ ജോലികള്‍ക്ക് ഇവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. എന്നാല്‍ ഉയര്‍ന്ന തസ്തികയിലെ ജോലികള്‍ക്ക് രാജ്യത്തെ എല്ലാവര്‍ക്കും അപേക്ഷിക്കാമെന്നും ചട്ടത്തില്‍ പറയുന്നു. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

ജമ്മുവിലും കശ്മീരിലും

ജമ്മുവിലും കശ്മീരിലും

കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക അധികാരം കേന്ദ്രം റദ്ദാക്കിയത്. ഇതിന് ശേഷം പ്രതിഷേധങ്ങള്‍ ഇല്ലാതിരിക്കാന്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ക്രമേണ നിയന്ത്രണങ്ങള്‍ നീക്കുകയും ചില നേതാക്കളെ തടവില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. എന്നാല്‍ പുതിയ ചട്ടം വന്നതോടെ ജമ്മുവിലും കശ്മീരിലും ഒരേപോലെ പ്രതിഷേധം ഉയര്‍ന്നത് കേന്ദ്രത്തിന് ആശങ്കയുണ്ടാക്കി.

രണ്ട് ദിവസം മാത്രം

രണ്ട് ദിവസം മാത്രം

തുടര്‍ന്നാണ് രണ്ട് ദിവസം പിന്നിടുമ്പോള്‍ തന്നെ ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. സ്ഥിരതാമസ രേഖയുള്ള എല്ലാവരെയും എല്ലാ തസ്തികയിലും പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. എല്ലാ തസ്തികയിലും സംവരണം വന്നത് കശ്മീരികള്‍ക്ക് നേട്ടമാണ്. എന്നാല്‍ സ്ഥിരതാമസക്കാര്‍ ആര് എന്ന കാര്യം വ്യക്തമാക്കുന്ന ചട്ടത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

കൊറോണയുടെ മറവില്‍

കൊറോണയുടെ മറവില്‍

രാജ്യം മൊത്തം കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരിന്റെ അസ്ഥിത്വം നശിപ്പിക്കാന്‍ നോക്കുകയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല പറഞ്ഞു. നേരത്തെ കേന്ദ്രം വാഗ്ദാനം ചെയ്ത സംരക്ഷണം വിജ്ഞാപനത്തില്‍ കാണുന്നില്ല. കശ്മീരിലെ ജനങ്ങളെ അപമാനിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു.

ആഗസ്റ്റിന് ശേഷമുള്ള മാറ്റം

ആഗസ്റ്റിന് ശേഷമുള്ള മാറ്റം

2019 ആഗ്‌സറ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. കശ്മീരിലുള്ളവര്‍ക്ക് സംസ്ഥാനത്ത് പ്രത്യേക അധികാരങ്ങളുണ്ടായിരുന്നു. മാത്രമല്ല, കശ്മീരില്‍ നിയമങ്ങളും മറ്റും നടപ്പാക്കുന്നത് കശ്മീര്‍ നിയമസഭയുടെ വിവേചന അധികാരവുമായിരുന്നു. ഈ പദവി റദ്ദാക്കിയ കേന്ദ്രം കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുകയായിരുന്നു.

നിലവിലെ കശ്മീര്‍

നിലവിലെ കശ്മീര്‍

ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇപ്പോഴുള്ളത്. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടവുമുണ്ടാകും. അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും.

English summary
Centre Overturns Kashmir Job Rules In 2 Days After Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X