സിബിഐയ്ക്ക് സ്വയംഭരണാവകാശം നല്‍കില്ല

സിബിഐ കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു ഏജന്‍സിയാണെന്നും അതിന് സ്വയംഭരണാവകാശം നല്‍കിയാല്‍ അത് ഭരണ പ്രതിസന്ധിയ്ക്ക് കാരണാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. സിബിഐ ഡയറക്ടറുടെ പദവി കേന്ദ്രസെക്രട്ടറിയ്ക്ക് തുല്ല്യമാക്കണമെന്ന് സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയത്.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ധനകാര്യമന്ത്രി പി ചിദംബരവും സിബിഐയ്‌ക്കെതിരെ അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സിബിഐയ്ക്ക് എതിരായി സത്യവാങ്മൂലം സമര്‍പ്പിച്ചതോട് കൂടി സിബിഐ കൂട്ടിലടച്ച പക്ഷിയാണെന്ന സുപ്രീം കോടതിയുടെ വിമര്‍ശം ഏറെക്കുറെ വ്യക്തമാകുന്നു. 2ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭകോണം എന്നീ കേസുകള്‍ കേന്ദ്രസര്‍ക്കാരിലെ ഉന്നതരിലേയ്ക്ക് നീങ്ങിയതോടെയാണ് സിബിഐയ്ക്ക് മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചത്.
അന്വേഷണം റിപ്പോര്‍ട്ടുകള്‍ പോലും ഉന്നതര്‍ക്ക് കൈമാറേണ്ട അവസ്ഥയാണ് സിബിഐയ്ക്ക് ഉള്ളത്. ഈ സാഹചര്യത്തിലാണ് 2013 മെയില്‍ സിബിഐ എന്നാല്‍ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെന്നും കൂട്ടിലടച്ച പക്ഷിയെന്നും സുപ്രീം കോടതി വിമര്‍ശിച്ചത്. തുടര്‍ന്നാണ് സ്വയംഭരണാവകാശം എന്ന ആവശ്യവുമായി സിബിഐ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ സ്വയംഭരണാവകാശം വേണമെന്ന് ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ കഴിയില്ലെന്നും സിബിഐയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചാല്‍ മറ്റുള്ളവരും അത് ആവശ്യപ്പെടുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം.












Click it and Unblock the Notifications