കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേരളം ധനസഹായം നൽകിത്തുടങ്ങിയില്ലെന്ന് കേന്ദ്രം
ദില്ലി: കൊവിഡ് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായം കേരള സര്‍ക്കാര്‍ നല്‍കാന്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അരലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. കേരളത്തില്‍ ഇതുവരെ ആറായിരത്തില്‍ അധികം പേരാണ് ധനസഹായത്തിന് വേണ്ടിയുളള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ധനസഹായത്തിന് അര്‍ഹതയുളള അടുത്ത ബന്ധുക്കള്‍ ആരെന്നത് സംബന്ധിച്ച വ്യക്തത ഇല്ലായ്മ കാരണമാണ് വിതരണം ആരംഭിക്കാത്തത് എന്നാണ് കേരള സര്‍ക്കാരിന്റെ വിശദീകരണം. ഇക്കാര്യവും സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കൊവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ ബന്ധുക്കളില്‍ നഷ്ടപരിഹാരത്തിന് ആര്‍ക്കാണ് അര്‍ഹത എന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നവംബര്‍ 26 വരെയുളള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 38737 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുളളത്. ഇവരില്‍ നിന്നാണ് 6116 പേര്‍ ധനസഹായത്തിന് വേണ്ടി സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തയ്യാറാക്കിയ പോര്‍ട്ടല്‍ വഴിയാണ് ധനസഹായത്തിന് അപേക്ഷിക്കേണ്ടത്.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട് 82, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്‌ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതായിരിക്കും. ഇവര്‍ക്ക് വിമാനത്താവളങ്ങളില്‍ അര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതാണ്. പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ ഹോം ക്വാറന്റീനിലായിരിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും 7 ദിവസം വരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാല്‍ അവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തും. അവര്‍ക്കായി പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിക്കുന്നതാണ്.
സംസ്ഥാനം ജീനോമിക് സര്‍വയലന്‍സ് നേരെത്തെ തന്നെ തുടര്‍ന്നു വരികയാണ്. ജിനോമിക് സര്‍വലന്‍സ് വഴി കേരളത്തില്‍ ഇതുവരേയും ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയിട്ടില്ല. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 5 ശതമാനം പേരുടെ സാമ്പിളുകള്‍ ഇത്തരത്തില്‍ പരിശോധനയ്ക്ക് അയക്കണമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരും സ്വയം നിരീക്ഷണം നടത്തണം.
നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ച് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്.
നിലവില്‍ 96 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിനും 64 ശതമാനത്തോളം പേര്‍ രണ്ടാം ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. കോഡിഡ് വന്നവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താന്‍ മതി. വാക്‌സിന്‍ എടുക്കാന്‍ കാലതാമസം വരുത്തുന്നവരെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് ബന്ധപ്പെട്ട് വാക്‌സിനെടുക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രണ്ടാം ഡോസ് വാക്‌സിനും അനിവാര്യമാണ്. ഇനിയും ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ ഉടന്‍ വാക്‌സിനെടുക്കണം. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുന്നതാണ്. കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് സംസ്ഥാനം നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. പ്രധാന ആശുപത്രികള്‍ ഓക്‌സിജന്‍ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്.












Click it and Unblock the Notifications