നല്ലനടപ്പാണേല്‍ സഞ്ജയ്ദത്തിന് ശിക്ഷാകാലാവധി കുറയും
ദില്ലി: മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെയും മറ്റ് രണ്ട് പ്രതികളുടെയും ശിക്ഷാ കാലാവധി കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് അഭിപ്രായം തേടി.
ജയിലില്‍ പ്രതികളുടെ പെരുമാറ്റത്തെ അടിസ്ഥാനവമായിരിക്കും ശിക്ഷാ കാലാവധിയില്‍ ഇളവുവരുത്തുന്നത്. അതിനാല്‍ ഇവര്‍ ജയിലില്‍ എങ്ങനെ പെരുമാറുന്നു എന്നതു സംബന്ധിച്ച് ജയില്‍ അധികൃതരില്‍ നിന്ന് അഭിപ്രായം തേടും. നല്ല നടപ്പാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ശിക്ഷാ കാലാവധി കുറയും.

ശിക്ഷാ കാലാവധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് നടപടി. 1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ച കേസിലാണ് സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തത്.
ആറ് വര്‍ഷമായിരുന്നു ശിക്ഷാകാലാവധി. പിന്നീട് സുപ്രീം കോടതി അത് അഞ്ചായി കുറച്ചു. നേരത്തെ 18 മാസം ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാല്‍ ഇനി 42 മാസം കൂടെ മാത്രമെ ജയിലില്‍ കഴിയേണ്ടതുള്ളൂ. പൂനയിലെ യെര്‍വാദ ജയിലില്‍ കഴിയുന്ന സഞ്ജയ് ദത്തിന് ചികിത്സാര്‍ത്ഥം കഴിഞ്ഞയാഴ്ച 14 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു.












Click it and Unblock the Notifications