പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബില്ലും; മാസ്റ്റർ സ്ട്രോക്കിന് കേന്ദ്ര സർക്കാർ, എന്താണ് ബിൽ? അറിയാം
സെപ്റ്റംബർ 18 മുതൽ 22 വരെ വിളിച്ച് ചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ സ്ത്രീ സംവരണ ബിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ലോക്‌സഭയിലും നിയമസഭകളിലും തെരഞ്ഞെടുപ്പുകളിൽ 33 ശതമാനം സീറ്റ് സ്ത്രീകൾക്ക് സംവരണം ചെയ്യുക എന്നതാണ് ബില്ലിന്റെ കാതൽ.
1996 സെപ്റ്റംബറിൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് 81-ാം ഭേദഗതി ബില്ലായി ഇത് ആദ്യമായി ലോക്സഭയിൽ അവതരിപ്പിച്ചത്. അന്ന് ബില്ലിന് അംഗീകാരം ലഭിച്ചില്ല. തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് മുന്നിലെത്തി. 1996 ഡിസംബറിൽ സമിതി ലോക്സഭയിൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ലോക്‌സഭ പിരിച്ചുവിട്ടതോടെ ആ ബില്ലും അസാധുവായി.

1998 ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ 12-ാം ലോക്‌സഭയിൽ ബിൽ വീണ്ടും അവതരിപ്പിച്ചു. നിയമമന്ത്രി എം തമ്പിദുരൈ ആയിരുന്നു ബിൽ അവതരിപ്പിച്ചത്. എനനാൽ നാടകീയ രംഗങ്ങളായിരുന്നു അന്ന് സഭയിൽ അരങ്ങേറിയത്. ആർ ജെ ഡി എം പി സഭയിൽ വെച്ച് ബിൽ കീറിയെറിയുകയായിരുന്നു. 1999, 2002, 2003 വർഷങ്ങളിൽ ബിൽ വീണ്ടും സഭയിൽ അവതരിപ്പിക്കപ്പെട്ടു. കോൺഗ്രസും ബി ജെ പിയും ഇടതുപാർട്ടികളും പിന്തുണച്ചിരുന്നുവെങ്കിലും വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ ബില്ല് അന്നും പരാജയപ്പെട്ടു.
നേരത്തേ പലതവണ കോൺഗ്രസ് വനിതാ സംവരണമെന്ന ആവശ്യം ഉയർത്തിയിരുന്നു. ബിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. യുപിഎ സർക്കാരിന്റെ അവസാന കാലത്ത് ബിൽ പാസാക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല.
അതുകൊണ്ട് തന്നെ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ കോൺഗ്രസ് അതിനെ പിന്തുണയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. എന്നാൽ ഇത് പ്രതിപക്ഷ ഐക്യത്തിന് വലിയ ആഘാതമേൽപ്പിച്ചേക്കുമെന്നാണ് കേന്ദ്രം കണക്ക് കൂട്ടുന്നത്. കാരണം സമാജ്വാദി പാർട്ടി, രാഷ്ട്രീയ ജനതാ ദൾ, ജെഡിയു, എൻ സി പി തുടങ്ങിയ പാർട്ടികൾ ബില്ലിനെതിരെ ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്.
ബിൽ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലാകുമെന്നും അതേസമയം തന്നെ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാൻ ഉള്ള മാസ്റ്റർ സ്ട്രോക്ക് ആകുമെന്ന് കൂടിയാണ് സർക്കാർ കരുതുന്നത്.












Click it and Unblock the Notifications