കാവേരിയൊക്കെ പരിഹരിക്കപ്പെടും!അന്തര്‍സംസ്ഥാന ജല തര്‍ക്കങ്ങള്‍ക്ക് വഴിയുമായി കേന്ദ്രം
വിവിധ ട്രിബ്യൂണലുകളില്‍ നടക്കുന്ന കേസുകള്‍ ഒറ്റ ട്രിബ്യൂണലിനു കീഴില്‍ കൊണ്ടു വരാനാണ് ഇത്. ഇതിലൂടെ പ്രശ്‌നം അനന്തമായി നീളുന്നത് പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം കണക്കാക്കുന്നത്.
ദില്ലി : സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജല തര്‍ക്കം എന്നും സര്‍ക്കാരുകള്‍ക്ക് തലവേദനയാണ്. അതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് അടുത്തിടെ കാവേരി തര്‍ക്കത്തില്‍ കണ്ടതും. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ കേന്ദ്രം തന്നെ തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജല തര്‍ക്കം പരിഹരിക്കുന്നതിന് ഒറ്റ ട്രിബ്യൂണല്‍ വരുന്നു.
വിവിധ ട്രിബ്യൂണലുകളില്‍ നടക്കുന്ന കേസുകള്‍ ഒറ്റ ട്രിബ്യൂണലിനു കീഴില്‍ കൊണ്ടു വരാനാണ് ഇത്. ഇതിലൂടെ പ്രശ്‌നം അനന്തമായി നീളുന്നത് പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം കണക്കാക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഉണ്ടാകും.

അന്തര്‍സംസ്ഥാന ജലതര്‍ക്ക നിയമം ഭേദഗതി ചെയ്യും
സ്ഥിരം ട്രിബ്യൂണലാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിനായി 1956ലെ അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍
തര്‍ക്കങ്ങളുടെ യാഥാര്‍ഥ്യം മനസിലാക്കാന്‍ ട്രിബ്യൂണലിലെ ചില ബെഞ്ചുകള്‍ നേരിട്ട് അന്വേഷിക്കും. വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കും അധ്യക്ഷന്‍. ഒരു സ്ഥിരം ട്രിബ്യൂണലും തര്‍ക്കം വരുമ്പോള്‍ ആവശ്യത്തിനനുസരിച്ച് ബെഞ്ചുകളും രൂപീകരിക്കും. തര്‍ക്കം തീരുമ്പോള്‍ ബഞ്ചിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും.

അടുത്ത സെഷനില്‍
നിയമ ഭേദഗതിക്കുള്ള തീരുമാനം കേന്ദ്രമന്ത്രിസഭയോഗം അംഗീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ അടുത്ത സെഷനില്‍ ഇത് അവതരിപ്പിക്കും.

വിദഗ്ധര്‍
ട്രിബ്യൂണലിനോടൊപ്പം തര്‍ക്ക നിവാരണ കമ്മിറ്റി രൂപീകരിക്കുന്നതിനും നിയമ ഭേദഗതിയില്‍ നിര്‍ദേശം വയ്ക്കുമെന്നാണ് സൂചന. വിദഗ്ധരെയായിരിക്കും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുക. പ്രശ്‌നം പരിഹരിക്കാന്‍ ആദ്യം ഇടപെടുന്നത് ഈ കമ്മിറ്റിയായിരിക്കും. കമ്മിറ്റിയുടെ തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമാണ് ട്രിബ്യൂണലിനെ സമീപിക്കേണ്ടതെന്ന് ജലവിഭവ വകുപ്പ് സെക്രട്ടറി ശശികാന്ത് പറഞ്ഞു.

തര്‍ക്കങ്ങള്‍ ഏറെ
1956ലെ നിയമമനുസരിച്ച് നിലവില്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചാല്‍ മാത്രമെ ട്രിബ്യൂണല്‍ രൂപീകരിക്കാന്‍ സാധിക്കുകയുള്ളു. നിലവില്‍ ഇത്തരത്തില്‍ എട്ട് ട്രിബ്യൂണുകളാണ് ഉള്ളത്. കാവേരി നദീജല തര്‍ക്കം, മഹാദായി നദീജല തര്‍ക്കം, മഹാനദി ജല തര്‍ക്കം ഇങ്ങനെയാണ് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍.












Click it and Unblock the Notifications