പഹല്‍ഗാം ഭീകരാക്രമണം; മറ്റന്നാള്‍ മോക്ഡ്രില്‍: ആക്രമണങ്ങള്‍ എങ്ങനെ ചെറുക്കാമെന്ന് ജനങ്ങള്‍ക്ക് പരിശീലനം
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. അതിര്‍ത്തികളില്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചാണ് സുരക്ഷാ സേന മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. നിരപരാധികളായ 26 പേരെ കൂട്ടക്കൊല ചെയ്ത ആക്രമണത്തിന് പിന്നാലെ നയതന്ത്ര തലത്തില്‍ ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് ഇന്ത്യ നല്‍കിയത്. ഇത് ആ രാജ്യത്തെ കൂടുതല്‍ സമ്മര്‍ദത്തിലാഴ്ത്തിയിരിക്കുകയാണ്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്‌കര്‍ ഇ ത്വയ്ബയുടെ പങ്ക് വ്യക്തമായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ പാക് സൈന്യവും ചാര സംഘടനയായ ഐഎസ്‌ഐയും ലഷ്‌കര്‍ ഇ ത്വയ്ബയെ പരോക്ഷമായി പിന്തുണയ്ക്കുന്നു. ഇന്ത്യയ്‌ക്കെതിരേയുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും അത് നടപ്പാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

പ്രാദേശികമായി ഭീകരരെ സഹായിക്കുന്ന നിരവധി പേരെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി പേരുടെ വീടുകള്‍ സ്‌ഫോടനത്തിലൂടെ പ്രാദേശിക ഭരണകൂടം തകര്‍ത്തു. പാകിസ്ഥാനില്‍ തീവ്രവാദ പരിശീലനം കഴിഞ്ഞ യുവാക്കളാണ് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയത്. ഈ സാഹചര്യത്തില്‍ ഇനിയും കാശ്മീരിലേക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം ഉണ്ടാകുമെന്ന അനുമാനത്തില്‍ അതീവ ജാഗ്രതയിലാണ് ഇന്ത്യന്‍ സൈന്യം.
പാകിസ്ഥാനുമായുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഇത്തരം ഭീകരാക്രമണങ്ങള്‍ നേരിടാനുള്ള പരിശീലനം നല്‍കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിനായി മോക്ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
മെയ് ഏഴിനാണ് മോക്ഡ്രില്‍ നിശ്ചയിച്ചിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ആക്രമണം നേരിടാന്‍ ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കും. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി റിഹേഴ്‌സല്‍ നടത്തും. ആക്രമണമുണ്ടായാല്‍ സ്വയംരക്ഷ തേടുന്നത് എങ്ങനെ എന്നതു സംബന്ധിച്ചാണ് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുന്നത്.
ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളോട് ഈ സുരക്ഷാ പരിശീലനം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഇത് ഒരു മോക് ഡ്രില്‍ മാത്രമാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
1971 ല്‍ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിനു മുമ്പ് സമാനമായ പരിശീലനങ്ങള്‍ നടത്തിയിരുന്നു. പുതു തലമുറയില്‍ ഭൂരിഭാഗത്തിനും ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നറിയില്ല. ഈ സാഹചര്യത്തിലാണ് മോക്ഡ്രില്ലിന്റെ പ്രസക്തി.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത മോക്ഡ്രില്ലില്‍ പരിശോധിക്കും. അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങള്‍ ഒരുക്കല്‍, ആക്രണത്തിനു മുന്നോടിയായി സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.
ഇതിനിടെ, ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി യോഗം ഇന്ത്യ-പാകിസ്ഥാന്‍ വിഷയം ചര്‍ച്ച ചെയ്യും. അര്‍ധരാത്രിയിലാണ് യോഗം ചേരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ സാഹചര്യം വിലയിരുത്തും. ഭീകരാക്രമണത്തിന്റെ പശ്്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും അമേരിക്കയും ആവശ്യപ്പെട്ടിരുന്നു.
നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. തുടര്‍ച്ചയായ 11-ാം ദിവസമാണ് പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത്. ഇന്ത്യന്‍ സൈന്യവും ഇതിന് തക്ക മറുപടി നല്‍കുന്നുണ്ട്. ഇന്ത്യ തിരിച്ചടി നല്‍കിത്തുടങ്ങിയതോടെ പാക് സൈന്യവും പ്രതിരോധ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിലും വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications