വിവാദമായി, റാലി ടാക്‌സ് കോണ്‍ഗ്രസ് പിന്‍വലിച്ചു
ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് അഭൂതപൂര്‍വ്വമായ ആളുകള്‍ വരുന്നതായിരുന്നു മുന്‍പ് വാര്‍ത്ത. എന്നാല്‍ മോദിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തിയാണ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വകുപ്പ് വാര്‍ത്തകളിലെത്തിയത്. സംഭവം വിവാദമായതോടെ ടാക്‌സ് വേണ്ടെന്ന് പറഞ്ഞ് ബി ജെ പിക്ക് വീണ്ടും നോട്ടീസയച്ചിരിക്കുകയാണ് ഏജന്‍സി.
നരേന്ദ്ര മോദി റാലികളില്‍ ജനത്തിരക്കേറുന്നത് കണ്ട കോണ്‍ഗ്രസിന്റെ അസൂയയാണ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ എന്നാണ് ബി ജെ പിയുടെ ആരോപണം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന റാലികളില്‍ ആളുകളില്ലാത്തതിന്റെ ചൊരുക്ക് തീര്‍ക്കാനാണേ്രത എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വകുപ്പിനെ ഉപയോഗിച്ച് ഈ നാടകം കളിച്ചിരിക്കുന്നത്.

എന്നാല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വകുപ്പിനെ തങ്ങളല്ല നിയന്ത്രിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം. ഇത് തികച്ചും ഡിപ്പാര്‍ട്ട്‌മെന്റ് തല കാര്യമാണത്രെ. എന്നാല്‍ മോദി റാലികള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ബി ജെ പി നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, രവി ശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഫെബ്രുവരി 12 നാണ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വകുപ്പിന്റെ ലുധിയാന ഓഫീസ് ബി ജെ പിക്ക് ഇത് സമബന്ധിച്ച നോട്ടീസ് അയച്ചത്. നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലികളില്‍ പ്രവേശനഫീസ് ഈടാക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബി ജെ പി നേതാക്കള്‍ക്ക് നോട്ടീസ് അയച്ചത്. സംഭവം വിവാദമായതോടെ ഈ നോട്ടീസ് പിന്‍വലിക്കുകയായിരുന്നു.












Click it and Unblock the Notifications