ചന്ദ്രയാൻ-3 ; തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക്..ദൗത്യത്തിന് വെല്ലുവിളികൾ ഏറെ
ഡൽഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3 ജുലൈ 14 ന് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം3) റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങൾ, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് ചന്ദ്രയാൻ- 3 ദൗത്യത്തിലൂടെ ഐ എസ് ആർ ഒ ലക്ഷ്യം വെയ്ക്കുന്നത്. ചന്ദ്രയാൻ-2 ന് നേരിട്ട തിരിച്ചടികൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പകളും പൂർത്തിയായെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കിയത്. എന്നിരുന്നാലും ചന്ദ്രയാൻ-3 ദൗത്യത്തിന് വെല്ലുവിളികൾ ഏറെയാണ്.
ചന്ദ്രനിൽ പേടകം ഇറങ്ങുന്നതിന് എണ്ണയിട്ട യന്ത്രങ്ങൾ പോലെ ഒരേ സമയം പ്രവർത്തിക്കുന്ന ഒന്നിലധികം ഹൈടെക് സംവിധാനങ്ങൾ ആവശ്യമാണ്. പിൻപോയിന്റ് നാവിഗേഷൻ ഗൈഡൻസ്, കൃത്യമായ ഫ്ലൈറ്റ് ഡൈനാമിക്സ്, സമയബന്ധിതമായ ത്രസ്റ്റർ ഫയറിംഗ് എന്നിവയെല്ലാം ഇതിൽ ഉൾപെടുന്നു. ആത്യന്തികമായി ശരിയായ സമയത്ത് ശരിയായ വേഗതയിൽ പേടകം ഇറങ്ങുന്നുവെന്ന് ഉറപ്പാക്കേണ്ടത് കൂടിയുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നിന് സംഭവിക്കുന്ന ചെറിയ വീഴ്ച പോലും ദൗത്യം പരാജയപ്പെടാൻ കാരണമായേക്കും.

ചന്ദ്രനിൽ പേടകം ഇറങ്ങുന്നതിന്റെ വേഗത നിയന്ത്രിക്കൽ തന്നെയാണ് പ്രധാന സാങ്കേതിക വെല്ലുവിളികളിൽ ഒന്ന്. സോഫ്റ്റ് ലാൻഡിംഗ് ഉറപ്പാക്കാൻ ലാൻഡറിന്റെ വേഗത സെക്കൻഡിൽ മൂന്ന് മീറ്ററായി കുറയേണ്ടതുണ്ട്. ത്രെസ്റ്ററുകൾ ഉപയോഗിച്ചാണ് പേടകം ഇറങ്ങുന്ന വേഗത കുറയ്ക്കുകയും ലാൻഡറിന്റെ ഓറിയന്റേഷൻ നിയന്ത്രിക്കുകയും ചെയ്യുക. നേരത്തേ ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചെങ്കിലും വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാത്തതായിരുന്നു ചന്ദ്രയാൻ-2 ദൗത്യം പരാജയപ്പെടാൻ കാരണമായത്. ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായതായി ഐഎസ്ആര്‍ഒ സ്ഥിരീകരിക്കുകയായിരുന്നു.
വിജയകരമായ ചാന്ദ്ര ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ചന്ദ്രനിലെ ഗുരുത്വാകർഷണത്തിന്റെ പ്രത്യേകതകൾ മനസിലാക്കുന്നതും നിർണായകമാണ്. ഭൂമിയുടെ ഏകദേശം ആറിലൊന്ന് ഗുരുത്വാകർഷണം മാത്രമാണ് ചന്ദ്രനിലുള്ളത്. ചന്ദ്രനിലെ എല്ലാ ഭാഗത്തും ഗുരുത്വാകർഷണം ഒരുപോലെയായിരിക്കില്ല. അുകൊണ്ട് തന്നെ ത്രസ്റ്ററുകൾ ഉപയോഗിച്ച് പേടകം ഇറങ്ങുന്ന വേഗത നിയന്ത്രിക്കൽ ഈ ഘട്ടത്തിൽ സുപ്രധാനമായിരിക്കും.
ചന്ദ്രന്റെ ഉപരിതലം പാറകളും ഗർത്തങ്ങളും നിറഞ്ഞതായതിനാൽ
പേടകം ഇറങ്ങാൻ അനുയോജ്യമായ സ്ഥലവും കണ്ടെത്തേണ്ടതുണ്ട്. പേടകത്തിന് ഇറങ്ങുന്നതിനായി മുൻകൂട്ടി തന്നെ പ്രത്യേക സ്ഥലങ്ങൾ കൂടി കണ്ടെത്തേണ്ടതുണ്ട്. ചന്ദ്രയാൻ-3യിൽ രണ്ട് ലാൻഡർ ഡിറ്റക്ഷൻ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. പേടകം എവിടെ ഇറങ്ങണമെന്ന് അന്തിമ തീരുമാനമെടുക്കാൻ ഇവ സഹായിക്കും. ഈ വെല്ലുവിളികളെല്ലാം അതിജീവിച്ച് ദൗത്യം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications