തെലങ്കാനയില്‍ കോണ്‍ഗ്രസിന് വിജയ സാധ്യത: എംഎല്‍എമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയേക്കും
ഹൈദരാബാദ്: നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്ത് വന്ന് എക്സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത് തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ്. ഇതോടെ സ്വന്തം എം എല്‍ എമാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് സജീവമാക്കി. വോട്ടെണ്ണലിന് പിന്നാലെ വിജയിച്ച എം എല്‍ എമാരെ ബെംഗളൂരുവിലേക്കോ മറ്റ് നഗരങ്ങളിലേക്കോ മാറ്റാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.
തെലങ്കാന ഘടകം കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി അടക്കമുള്ളവർ പാർട്ടിയുടെ വിജയത്തിൽ പൂർണ്ണ ആത്മവിശ്വാസത്തിലാണ്. എന്നാൽ എം എൽ എമാരെ സ്ഥലം മാറ്റുന്നത് സംബന്ധിച്ച് ഞായറാഴ്ച വോട്ടെണ്ണലിന് ശേഷം മാത്രമായിരിക്കും തീരുമാനമുണ്ടാകുകയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കോൺഗ്രസിന് 70 സീറ്റിൽ താഴെയാണ് ലഭിക്കുന്നതെങ്കില്‍, നിയമസഭാംഗങ്ങളെ ബംഗളുരുവിലേക്കോ മറ്റെവിടെയെങ്കിലോ ഉള്ള റിസോർട്ടുകളിലേക്കോ ഹോട്ടലിലേക്കോ മാറ്റാനാണ് നീക്കമെന്ന് പാർട്ടി വൃത്തങ്ങളും സ്ഥിരീകരിക്കുന്നു.

119 അംഗ തെലങ്കാന നിയമസഭയിൽ സർക്കാർ രൂപീകരിക്കാനുള്ള കേവല സംഖ്യ 60 ആണ്. ചില എക്‌സിറ്റ് പോളുകൾ കോൺഗ്രസിന് നേരിയ ഭൂരിപക്ഷം പ്രവചിക്കുമ്പോൾ മറ്റു ചിലത് വ്യക്തമായ വിജയം പ്രവചിക്കുന്നു. ഇതോടെ മുന്നൊരുക്കമെന്ന നിലയിൽ, തങ്ങളുടെ സ്ഥാനാർത്ഥികൾ വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലേക്ക് രണ്ട് കോ-ഓർഡിനേറ്റർമാരെ കോൺഗ്രസ് അയച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഓഫീസർമാരിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങിയ ശേഷം, ബെംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പ് അവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുമെന്നും വൃത്തങ്ങൾ പറയുന്നു.
എം എൽ എമാരെ മാറ്റേണ്ടി വന്നാൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഒരിക്കല്‍ കൂടെ തെലങ്കാന രാഷ്ട്രീയത്തിലും നിർണായക ചുമതല വഹിക്കും. 2018ൽ കർണാടക നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിനിടെ കോൺഗ്രസ്, ജനതാദൾ (എസ്) എംഎൽഎമാരുടെ കാര്യത്തില്‍ നേരിടേണ്ടി വന്ന സമാനമായ സാഹചര്യം അദ്ദേഹം വിജയകരമായി കൈകാര്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പുറത്ത് വന്ന സർവ്വേകളില്‍ ചാണക്യ സ്ട്രാറ്റജീസ് ആണ് കോണ്‍ഗ്രസിന് ഏറ്റവും ഉയർന്ന സീറ്റുകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 67 മുതല്‍ 78 വരെ സീറ്റുകള്‍ ലഭിക്കും. ആകെ 119 സീറ്റുകളാണ് സംസ്ഥാന നിയമസഭയിലുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 60 സീറ്റുകള്‍ മാത്രം. നിലവിലെ ഭരണ കക്ഷിയായ ബി ആർ എസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും. അവർ 22 മുതല്‍ 31 സീറ്റിലേക്ക് വരെ ഒതുങ്ങും.












Click it and Unblock the Notifications