ചണ്ഡീഗഡിലെ കേന്ദ്ര നീക്കത്തിന് പിന്നിലെന്ത്? ദില്ലിക്ക് പിന്നാലെ കെജ്രിവാളിന് പൂട്ടിടാന്‍ ബിജെപി
ദില്ലി: ചണ്ഡീഗഡ് ഇനി കേന്ദ്ര നിയമ പ്രകാരം ഭരിക്കും. കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ പ്രഖ്യാപനമാണിത്. എന്നാല്‍ എന്തുകൊണ്ടാണ് പഞ്ചാബിന്റെ ഭരണപരിധിയില്‍ നിന്ന് ഇത്തരമൊരു മാറ്റം കേന്ദ്രം കൊണ്ടുവന്നത്. ദില്ലിയില്‍ നിന്ന് തുടങ്ങിയ പ്രശ്‌നമാണ് ഇപ്പോഴത്തേതില്‍ എത്തി നില്‍ക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
ബിജെപി അകാലിദളുമായി സഖ്യമുണ്ടാക്കിയപ്പോള്‍ ഇത്തരമൊരു നീക്കത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. പഞ്ചാബിലെ സിവില്‍ സര്‍വീസ് നിയമ പ്രകാരമാണ് ഇവിടെയുള്ള ജീവനക്കാര്‍ക്ക് എല്ലാ കാര്യങ്ങളും ലഭിച്ചിരുന്നത്. ചണ്ഡീഗഡ് ഭരണസമിതിയിലെ ജീവനക്കാരെല്ലാം ഇനി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായിട്ടാണ് അറിയപ്പെടുന്നത്. ഇതിനുള്ള കാരണങ്ങളും നിരവധിയാണ്.

അമിത് ഷാ നടപടിയെ ന്യായീകരിച്ചത് ചണ്ഡീഗഡ് ഭരണസമിതിയുടെ കീഴിലായിരുന്ന ജീവനക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞാണ്. ദീര്‍ഘകാലമായിട്ടുള്ള ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ത്തീകരിച്ചെന്നും അമിത് ഷാ അവകാശപ്പെട്ടു. ഒരുപാട് ആനുകൂല്യങ്ങളും ഇതോടൊപ്പം അദ്ദേഹം വിശദീകരിച്ചു. ഇവിടെയുള്ള സ്ത്രീകള്‍ക്ക് പ്രസവാവധിയും ശിശുപരിപാലനത്തിനുമായി രണ്ട് വര്‍ഷം വരെ അവധി ലഭിക്കും. നേരത്തെ ഇത് ഒരു വര്‍ഷമായിരുന്നു. വിരമിക്കല്‍ പ്രായം 60 വയസ്സായും ഉയരും. 16000ത്തോളം ജീവനക്കാര്‍ ചണ്ഡീഗഡ് ഭരണസമിതിക്ക് കീഴിലുണ്ട്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ നിയമിതരായവര്‍ക്ക് ഈ സര്‍വീസ് നിയമങ്ങള്‍ ബാധകമല്ല.

ബിജെപി സര്‍ക്കാര്‍ ഇത് പ്രഖ്യാപിച്ച സമയം വളരെ പ്രസക്തമാണ്. ഈ ജീവനക്കാര്‍ പഞ്ചാബിലെ സിവില്‍ സര്‍വീസ് നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന് കീഴിലായിരുന്നു. ഇവിടെ എഎപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ദിവസങ്ങള്‍ മാത്രമാണ് പിന്നിട്ടത്. പഞ്ചാബിലെ വിജയത്തോടെ വലിയ രാഷ്ട്രീയ നേട്ടങ്ങളാണ് എഎപി നേടിയത്. 92 സീറ്റ് നേടിയായിരുന്നു വിജയം. ഇത് ചണ്ഡീഗഡിലെ സര്‍വീസ് നിയമം മാറ്റാന്‍ ബിജെപി പ്രേരിപ്പിച്ചെന്ന് വ്യക്തമാണ്. വൈകാതെ തന്നെ ചണ്ഡീഗഡും കൈവിട്ടേക്കുമെന്ന തോന്നല്‍ ബിജെപിക്കുണ്ട്. ഇവിടെ ഏറ്റവും വലിയ കക്ഷിയായി നേരത്തെ എഎപി മാറിയിരുന്നു.

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഈ വിഷയത്തില്‍ എഎപി ഉന്നയിച്ചത്. എഎപിയുടെ വളര്‍ച്ചയില്‍ ബിജെപി ഭയന്നിരിക്കുകയാണെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കോണ്‍ഗ്രസും അകാലിദളുമൊന്നും ഭരിച്ചപ്പോള്‍ അമിത് ഷാ ഇത്തരം നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. എഎപി സര്‍ക്കാരുണ്ടാക്കിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. ചണ്ഡീഗഡിന്റെ സേവനങ്ങളെയാണ് അമിത് ഷാ തട്ടിയെടുത്തതെന്ന് സിസോദിയ ആരോപിച്ചു. ബിജെപിയുടെ മുന്‍ സഖ്യകക്ഷിയും ഈ തീരുമാനത്തെ വിമര്‍ശിച്ചു. പഞ്ചാബ് റീഓര്‍ഗനൈസേഷന്‍ ആക്ടിന്റെ ലംഘനമാണ് കേന്ദ്രം നടത്തിയതെന്ന് അകാലിദള്‍ നേതാവ് ദല്‍ജിത് സിംഗ് ചീമ പറഞ്ഞു.

കേന്ദ്രം കൊണ്ടുവരുന്ന മൂന്നാമത്തെ സുപ്രധാനപ്പെട്ട മാറ്റമാണ് നേരത്തെ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് അതിര്‍ത്തിയിലെ അധികാര പരിധി കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. പതിനഞ്ച് കിലോമീറ്ററായിരുന്നു നേരത്തെയുള്ള അധികാര പരിധി. ഇത് 50 കിലോമീറ്ററായിട്ടാണ് വര്‍ധിച്ചത്. എന്നാല്‍ ഇത് അസമിലും ബംഗാളിലുമുണ്ടായിരുന്നു. ബക്ര ബീസ് മാനേജ്‌മെന്റ് ബോര്‍ഡില്‍ ഉറപ്പായും പഞ്ചാബിന്റെ ലഭിക്കേണ്ട പ്രാതിനിധ്യത്തെ കേന്ദ്രം എടുത്ത് കളഞ്ഞിരുന്നു. ഇത് സംസ്ഥാനത്ത് വൈകാരിക വിഷയമായിരുന്നു. ബിബിഎംബിയാണ് വെള്ളം-വൈദ്യുത പദ്ധതികളെ പഞ്ചാബില്‍ നിയന്ത്രിക്കുന്നത്. ഈ ബോര്‍ഡില്‍ ഊര്‍ജ മേഖലയുടെ അംഗമായി പഞ്ചാബില്‍ നിന്നുള്ളയാളും ജലസേനവുമായി ബന്ധപ്പെട്ട അംഗം ഹരിയാനയില്‍ നിന്നും വേണമെന്നായിരുന്നു നിബന്ധന.

കേന്ദ്രത്തിന്റെ ഇടപെടലോടെ അതെല്ലാം ഇല്ലാതായിരിക്കുകയാണ്. അമിത് ഷായെ അടക്കം ചന്നി നേരത്തെ കണ്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും കാര്യമുണ്ടായില്ല. മൂന്നാമത്തെ നീക്കമാണ് ചണ്ഡീഗഡ് ഭരണകാര്യ സമിതിയുടെ നിയന്ത്രണം കേന്ദ്രത്തിലേക്ക് വന്നത്. എഎപിയുടെ പ്രശ്‌നങ്ങളും ഇതിന് പിന്നിലുണ്ട്. ദില്ലിയില്‍ അധികാരത്തിലെത്തിയത് മുതല്‍ നിരവധി പ്രശ്‌നങ്ങള്‍ എഎപിയുമായി കേന്ദ്രത്തിനുണ്ട്. ദില്ലിയിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കെജ്രിവാള്‍ നടപടിയെടുത്തതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആന്റി കറപ്ഷന്‍ ബ്യൂറോയെ നിയന്ത്രണത്തിലും തര്‍ക്കം രൂക്ഷമായി. ഒടുവില്‍ ഇത് കോടതിയിലുമെത്തി. ഇതാണ് ചണ്ഡീഗഡിലേക്ക് നീണ്ടിരിക്കുന്നത്.












Click it and Unblock the Notifications