മകന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത സംഭവം; ബിജെപി അധ്യക്ഷന്‍ രാജിവെക്കില്ലെന്ന് പാര്‍ട്ടി
ഹരിയാണ ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരേലയുടെ മകന്‍ വികാസ് ബരേല പെണ്‍കുട്ടിയെ ശല്യം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അധ്യക്ഷന്‍ രാജിവെക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം
ചണ്ഡീഗഡ്: ഹരിയാണ ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരേലയുടെ മകന്‍ വികാസ് ബരേല പെണ്‍കുട്ടിയെ ശല്യം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അധ്യക്ഷന്‍ രാജിവെക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ഐഎഎസ് ഓഫീസറുടെ മകളെ ശല്യം ചെയ്തതിനെ തുടര്‍ന്ന് സുഭാഷ് ബരേലയുടെ മകന്‍ വികാസ് ബരേലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ ബിജെപിയില്‍ ഏതെങ്കിലും തരത്തില്‍ അഴിച്ചുപണിയോ നടപടിയോ ഉണ്ടാകില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയമല്ല. മകനുമായി ബന്ധപ്പെട്ടതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇതിന്റെ പേരില്‍ സുഭാഷ് ബരേല രാജിവെക്കില്ലെന്നും ബിജെപി അറിയിച്ചു.

വിഷയത്തില്‍ നേരത്തെ ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും സുഭാഷ് ബരേലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചണ്ഡീഗഡ് പോലീസില്‍ പൂര്‍ണ വിശ്വാസമുണ്ട്. പ്രതിക്കുറ്റക്കാരനാണെന്ന് കണ്ടാല്‍ മുഖംനോക്കാതെ നടപടിയുണ്ടാകും. സുഭാഷ് ബരേലയ്ക്ക് ഇതുമായി ബന്ധമില്ല. ഇത്തരം ചെയ്തികളെ തളളിപ്പറയുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
വികാസ് ബരേലയ്ക്കും സുഹൃത്തിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരികയാണ്. അതിനിടെ, തെളിവുകള്‍ നശിപ്പിച്ചതായും ആരോപണമുണ്ട്. വികാസ് പെണ്‍കുട്ടിയെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. പാര്‍ട്ടി നേതാവിന്റെ മകനെ രക്ഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.












Click it and Unblock the Notifications