അഖിലേഷിനൊപ്പമില്ലെന്ന് ആസാദ്; ദളിത് വോട്ടുകള്‍ ഭിന്നിക്കും, യോഗിക്ക് ആശ്വാസം, മൊത്തം 7 പാര്‍ട്ടികള്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ സാഹചര്യം മൊത്തമായി മാറുകയാണ്. ബിജെപിയുടെ ഉറച്ച കോട്ടയായി വിലയിരുത്തിയിരുന്ന യുപിയില്‍ ദിവസങ്ങള്‍ക്കകമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഒബിസി നേതാക്കളായ ബിജെപി എംഎല്‍എമാരും മന്ത്രിമാരും കൂട്ടത്തോടെ രാജിവച്ചതും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതും ബിജെപിയെ തെല്ലൊന്നുമല്ല അലട്ടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

ഓരോ പ്രദേശത്തിന്റെയും പ്രാധാന്യം മനസിലാക്കി വോട്ട് ബാങ്കുകള്‍ കൂടെ നിര്‍ത്തുക എന്ന തന്ത്രമാണ് അഖിലേഷ് യാദവ് പയറ്റുന്നത്. മുസ്ലിങ്ങള്‍ക്ക് പുറമെ, ഒബിസി വിഭാഗവും എസ്പിയോടൊപ്പം ചേരുമ്പോള്‍ ചോദ്യം ചെയ്യാനാകാത്ത ശക്തിയായി അവര്‍ മാറും. എന്നാല്‍ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ പുതിയ തീരുമാനം ബിജെപിക്ക് ആശ്വാസം പകരുന്നു. യുപി രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ ഇങ്ങനെ...

1

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ആസാദ് സമാജ് പാര്‍ട്ടി. ദളിതുകളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണിത്. പിന്നാക്ക വിഭാഗങ്ങളുമായും മുസ്ലിങ്ങളുമായും ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് ആസാദ് സമാജ് പാര്‍ട്ടിയുടെ നിലപാട്. ഇവര്‍ എസ്പിയുമായി സഖ്യമുണ്ടാക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അന്തിമ തീരുമാനം മറിച്ചാണ്. സീറ്റ് ചര്‍ച്ചയാണ് വഴിമുട്ടിയത്. 10 സീറ്റ് ആവശ്യപ്പെട്ടെങ്കിലും 3 സീറ്റാണ് അഖിലേഷ് വാഗ്ദാനം ചെയ്തത്.

2

അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി സഹകരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ് തീരുമാനിച്ചു എന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. ഇരുപാര്‍ട്ടികളുടെയും സഖ്യം ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. ലഖ്‌നൗവില്‍ വിളിച്ചുചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉച്ചയ്ക്ക് പ്രഖ്യാപനമുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു. എന്നാല്‍ സഖ്യമില്ല എന്നാണ് ആസാദ് മാധ്യമങ്ങളെ അറിയിച്ചത്.

3

തിരഞ്ഞെടുപ്പില്‍ എത്ര സീറ്റില്‍ മല്‍സരിക്കുമെന്ന് ആസാദ് വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകേണ്ടതുണ്ട് എന്നാണ് വിവരം. ദളിതുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ആസാദ് സമാജ് പാര്‍ട്ടി മല്‍സരിക്കുമെന്നാണ് സൂചന. ആസാദ് സമാജ് പാര്‍ട്ടിയുമായി സഖ്യമില്ലെങ്കിലും എസ്പിയുടെ കീഴില്‍ ഏഴ് പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പിന് അണിനിരക്കാന്‍ പോകുന്നത്.

4

ഓം പ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്പി, എന്‍സിപി, ആര്‍എല്‍ഡി, ജനവാദി പാര്‍ട്ടി (സോഷ്യലിസ്റ്റ്). അപ്‌ന ദള്‍ (കൃഷ്ണ പട്ടേല്‍), പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി-ലോഹിയ (പിഎസ്പി-എല്‍), മഹാന്‍ ദള്‍ എന്നീ പാര്‍ട്ടികള്‍ നേരത്തെ അഖിലേഷ് യാദവുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിരുന്നു. എല്ലാം പ്രാദേശിക പാര്‍ട്ടികളാണ് എന്നതാണ് എടുത്തുപറയേണ്ടത്. വലിയ കക്ഷികളുമായി സഖ്യമുണ്ടാക്കില്ലെന്ന് അഖിലേഷ് പറഞ്ഞിരുന്നു.

5

ദളിത് ശാക്തീകരണം മുഖ്യ അജണ്ടയായി പ്രവര്‍ത്തനം തുടങ്ങിയ പരാര്‍ട്ടിയാണ് ബിഎസ്പി. മായാവതിയുടെ നേതൃത്വത്തില്‍ യുപി ഭരിക്കുകയും ചെയ്തു ഇവര്‍. എന്നാല്‍ മായാവതി സമുദായത്തെ മറന്ന് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശക്തമായ വേളയിലാണ് ആസാദിന്റെ ഉദയം. ഇതോടെ ദളിത് വോട്ടുകള്‍ രണ്ടു ചേരിയിലായി. ഇപ്പോള്‍ മായാവതിയുടെ പാര്‍ട്ടി ഭിന്നിക്കുകയും ശക്തി ക്ഷയിക്കുകയും ചെയ്തിരിക്കെ ആസാദിന് ശക്തി വര്‍ധിക്കുമെന്നാണ് കരുതുന്നത്.

6

അഖിലേഷിനൊപ്പം നില്‍ക്കുമെന്ന് നേരത്തെ വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒബിസി വിഭാഗത്തിലെ ഒട്ടേറെ നേതാക്കള്‍ എസ്പിയില്‍ ചേരുകയും ചെയ്തു. ആസാദിനെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ എസ്പിക്ക് കൂടുതല്‍ കരുത്താകുമായിരുന്നു. ആസാദിന്റെ പുതിയ തീരുമാനം ബിജെപിക്ക് അല്‍പ്പം ആശ്വാസം പകരുന്നതാണ്.

7

ബിഎസ്പി ക്ഷയിക്കുകയും കോണ്‍ഗ്രസിന് പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കാതെ വരികയും ചെയ്യുമ്പോള്‍, അഖിലേഷും യോഗി-മോദി ശക്തികളും തമ്മിലുള്ള പോരാട്ടമായിരിക്കും ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ്. എസ്പിക്ക് അനുകൂലമായ തരംഗമായി മാറുന്നു എന്നാണ് യുപിയില്‍ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ട്. പക്ഷേ, ഇത് മറികടക്കാന്‍ ആര്‍എസ്എസും ബിജെപിയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഏഴ് വരെ ഏഴ് ഘട്ടങ്ങളായി യുപിയിലെ ജനങ്ങള്‍ വിധിയെഴുതും. ഫലം മാര്‍ച്ച് 10ന് അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+