ഓഹരി വിപണി തകര്‍ന്നിട്ടും നേട്ടമുണ്ടാക്കി നായിഡു; ഭാര്യയുടെ ആസ്തി 5 ദിവസം കൊണ്ട് വര്‍ധിച്ചത് 535 കോടി
ഹൈദരാബാദ്: ലോക്സഭാ, ആന്ധ്ര പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ടി ഡി പി മികച്ച പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ ചന്ദ്രബാബുവിന്റെ കുടുംബത്തിന്റെ ആസ്തിയില്‍ കുതിച്ചുചാട്ടം. ചന്ദ്രബാബു നായിഡു സ്ഥാപിച്ച ഹെറിറ്റേജ് ഫുഡ്സിന്റെ ഓഹരികള്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 55 ശതമാനമാണ് ഉയര്‍ന്നത്. ഇത് ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ നാരാ ഭുവനേശ്വരിയുടെ ആസ്തിയില്‍ 535 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടാക്കിയത്.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജൂണ്‍ 3 ന് ഓഹരി 424 രൂപയിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ആയപ്പോഴേക്ക് ഹെറിറ്റേജ് ഫുഡ്സ് ഓഹരി 661.25 രൂപയിലാണ്. 1992 ല്‍ ആണ് ചന്ദ്രബാബു നായിഡു ഹെറിറ്റേജ് ഫുഡ്സ് സ്ഥാപിച്ചത്. 'ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പബ്ലിക്-ലിസ്റ്റഡ് കമ്പനികളിലൊന്ന്' എന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഡയറി, പുനരുപയോഗ ഊര്‍ജ്ജം എന്നിങ്ങനെ രണ്ട് ബിസിനസ് ഡിവിഷനുകളാണ് കമ്പനിക്കുള്ളത്. നിലവില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ, എന്‍ സി ആര്‍ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഹെറിറ്റേജിന്റെ പാലും പാലുല്‍പ്പന്നങ്ങളും വിപണിയിലുണ്ട്. ബി എസ് ഇ കണക്കുകള്‍ പ്രകാരം 2,26,11,525 ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന കമ്പനിയുടെ മുന്‍നിര ഓഹരി ഉടമയാണ് നാരാ ഭുവനേശ്വരി.
നായിഡുവിന്റെ മകന്‍ നാരാ ലോകേഷിന് ഹെറിറ്റേജ് ഫുഡ്സിന്റെ 1,00,37,453 ഓഹരികളുണ്ട്. ഓഹരി കുതിച്ചുയര്‍ന്നതിന് ശേഷം, ലോകേഷിന്റെ ആസ്തിയും 237.8 കോടി രൂപ ഉയര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഉയര്‍ച്ച ആരംഭിച്ചത്. ഫലപ്രഖ്യാപന ദിനത്തിലെ കൂട്ടത്തകര്‍ച്ചയിലും ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരി വില കയറുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി ഓഹരി വിപണി മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വലിയ തകര്‍ച്ചയാണ് അഭിമുഖീകരിച്ചത്. ലോക്‌സഭയിലേക്ക് ടി ഡി പി മത്സരിച്ച 17 സീറ്റുകളില്‍ 16 ലും വിജയിക്കുകയും തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ വിജയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. 543 അംഗ ലോക്സഭയില്‍ 293 സീറ്റുകളാണ് എന്‍ ഡി എ നേടിയത്. കഴിഞ്ഞ രണ്ട് തവണയും മികച്ച ഭൂരിപക്ഷം നേടിയ ബി ജെ പിക്ക് ഇത്തവണ കേവല ഭൂരിപക്ഷം പോലും നേടാനായിരുന്നില്ല.












Click it and Unblock the Notifications