പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകൂ: അല്ലെങ്കിൽ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും;ആസാദ്
ലഖ്നൊ: ഉത്തർപ്രദേശ് പോലീസ് തടഞ്ഞതിന് പിന്നാലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഹത്രാസിലേക്കുള്ള യാത്രാമധ്യേ അഞ്ച് കിലോമീറ്റർ അകലെവെച്ചാണ് ആദ്യം പോലീസ് തടഞ്ഞത്. ഹത്രാസിലേക്ക് കടന്നതോടെ രണ്ടാമതും പോലീസ് തടഞ്ഞിരുന്നു. ഇതോടെ ആസാദ് നടന്നാണ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോയത്.
ബോളിവുഡിലെ പ്രമുഖർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം: എൻസിബിക്കെതിരെ ക്ഷിതിജ് പ്രസാദ്

അഞ്ച് പേർക്ക് അനുമതി
ഹത്രാസിലെ ബുൽഗാദി ഗ്രാമത്തിലെത്തിയാണ് ആസാദ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ടത്. എന്നാൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റ് സഹപ്രവർത്തകരെ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ അനുവദിച്ചിരുന്നില്ല. അഞ്ച് പേരെ മാത്രമാണ് ആസാദിനൊപ്പം പ്രവേശിക്കാൻ അനുവദിച്ചത്. ആസാദ് സഞ്ചരിച്ച വാഹന വ്യൂഹം ഹത്രാസിലെത്തുന്നതിന് മുമ്പായി തടയുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിനായിരുന്നു നടപടി. നിലവിലുള്ള സർക്കാർ സിബിഐ അന്വേഷണം ജനങ്ങളെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ഏതെങ്കിലും ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് കേസിൽ വേണ്ടതെന്നും ആസാദ് ആവശ്യപ്പെട്ടു.

അന്വേഷണം ഊർജ്ജിതമാക്കണം
വാഹന വ്യൂഹം തടഞ്ഞതോടെ ചന്ദ്രശേഖർ വാഹനം വിട്ട് കാൽനടയായി ഹത്രാസിൽ ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഏറെക്കാലമായി അവരെ കാണാൻ കഴിഞ്ഞിരുന്നില്ല. സ്ഥിതിഗതികൾ അത്ര നല്ലതായി തോന്നുന്നില്ല. കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും ആസാദ് വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയുടെ വീട്ടിലെത്തിയ ചന്ദ്രശേഖർ ആസാദ് സംഭവത്തിൽ സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നും ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്നും അല്ലെങ്കിൽ കുടുംബത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുമെന്നും ആസാദ് പറഞ്ഞു.

കൂട്ടബലാത്സംഗം
19 കാരിയായ പെൺകുട്ടിയെ സെപ്തംബർ 14നാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഉന്നത സമുദായത്തിൽപ്പെട്ട നാല് പേർ ചേർന്ന് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം അലിഗഡിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങുന്നത്.

ബലാത്സംഗത്തിന് ഇരയായി
ഹത്രാസിലെ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗൽ റിപ്പോർട്ടിൽ പരാർമശമുണ്ട്. പ്രാഥമിക പരിശോധനയിൽ ബലപ്രയോഗം സ്ഥിരീകരിച്ചതായും പ്രതികൾ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പോലീസിന്റെ വാദം തള്ളിക്കൊണ്ടാണ് റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. പെൺകുട്ടിയെ ആദ്യം ചികിത്സിച്ച അലിഗഡിലെ ജവഹർലാൽ മെഡിക്കൽ കോളേജിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സെപ്തംബർ 22നാണ് പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി ഡോക്ടർമാരോട് വെളിപ്പെടുത്തുന്നത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു. സാമ്പിളുകൾ അയയ്ക്കാൻ വൈകിയതുകൊണ്ട് തന്നെ നിർണ്ണായക തെളിവുകൾ നഷ്ടപ്പെട്ടിരിക്കാമെന്ന വിലയിരുത്തലുകളും ഡോക്ടർ നടത്തുന്നുണ്ട്.

രണ്ടാമത്തെ ശ്രമം
ഹത്രാസ് പെൺകുട്ടിയുടേതായി പുറത്തുവന്ന മൂന്നാമത്തെ വീഡിയോ പ്രമുഖ ചാനലുകളെല്ലാം തന്നെ പ്രക്ഷേപണം ചെയ്തിരുന്നു. രവി, സന്ദീപ് എന്നിവരുടെ പേരുകളാണ് പരാമർശിക്കപ്പെടുന്നത്. സെപ്തംബർ 22നാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്. ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്ന അലിഗഡിൽ നെഹ്രു മെഡിക്കൽ കോളേജിൽ നിന്ന് പകർത്തിയിട്ടുള്ള ദൃശ്യങ്ങളാണ് ഇത്. കുറ്റവാളികളുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ ശ്രമമാണെന്നും പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യതവണ താൻ രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി ആരോപിക്കുന്നു. പ്രതികളിൽ നിന്ന് താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നേരത്തെയുള്ള പീഡനശ്രമത്തെക്കുറിച്ച് പ്രതികരിച്ചത്.