ചന്ദ്രയാന്‍-3: ഇന്ത്യയുടെ അടുത്ത ലക്ഷ്യം സൂര്യന്‍..!! ഒന്നൊന്നായി ദൗത്യങ്ങള്‍ ഏറ്റെടുത്ത് ഐഎസ്ആര്‍ഒ
ലോകരാജ്യങ്ങളില്‍ ആദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ രാജ്യം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇതിന് മുന്‍പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ചന്ദ്രനിലിറങ്ങിയിട്ടുണ്ടെങ്കിലും അവയൊന്നും ദക്ഷിണധ്രുവത്തിലായിരുന്നില്ല. അതിനാല്‍ അതിസങ്കീര്‍ണമായ ഇന്ത്യയുടെ ദൗത്യം വിജയകരമായതോടെ ഐ എസ് ആര്‍ ഒ ലോക ബഹിരാകാശ ഏജന്‍സികള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.
ചന്ദ്രയാന്‍-3 ന്റെ വിജയത്തോടെ വിശ്രമിക്കാന്‍ പോകുകയല്ല ഐ എസ് ആര്‍ ഒ. ലോകത്തെ പോലും അമ്പരപ്പിക്കുന്ന ഒരുപിടി ദൗത്യങ്ങളാണ് ഇനിയും ഐ എസ് ആര്‍ ഒയ്ക്ക് മുന്നിലുള്ളത്. അതില്‍ ഏറ്റവും ശ്രമകരവും സങ്കീര്‍ണവും സൂര്യനെക്കുറിച്ച് പഠിക്കാനും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാനുമുള്ള ഒരു ദൗത്യമാണ്. ഇത് കൂടാതെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനും വൈകാതെയുണ്ടാകും.

ഇന്തോ-യുഎസ് സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍, എക്‌സ്-റേ സ്രോതസുകളുടെ വിവിധ ചലനാത്മകത പഠിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ പോളാരിമെട്രി ദൗത്യമായ എക്‌സ്‌പോസാറ്റ് എന്നിവയും വിക്ഷേപണത്തിന്റെ അവസാനഘട്ടത്തിലാണ്. സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശാധിഷ്ഠിത ഇന്ത്യന്‍ ദൗത്യത്തിന് ആദിത്യ എല്‍1 എന്നാണ് പേരിട്ടിരിക്കുന്നത്.
മിക്കവാറും സെപ്റ്റംബര്‍ ആദ്യവാരം ഇതിന്റെ വിക്ഷേപണം നടന്നേക്കും. 1500 കിലോ ഭാരമുള്ള പേടകമായിരിക്കും ആദിത്യ എല്‍1. വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളുമായി പുറപ്പെടുന്ന പേടകം ഭൂമിയ്ക്കും സൂര്യനുമിടയിലെ ലാഗ് റേഞ്ചിയന്‍ പോയിന്റ് 1 ലെ ഹാലോ ഓര്‍ബിറ്റിലാണ് വിക്ഷേപിക്കുക എന്നാണ് ഐ എസ് ആര്‍ ഒ അറിയിച്ചിരിക്കുന്നത്.
നേരത്തെ ഇത് ഭൂമിയില്‍ നിന്നും 800 കിലോമീറ്റര്‍ ദൂരത്ത് വിക്ഷേപിക്കാനായിരുന്നു ആലോചന. എന്നാല്‍ സൂര്യനെ നിരന്തരം കാണാന്‍ അവിടെ നിന്നും സാധിക്കില്ല എന്നതിനാല്‍ എല്‍1 ലേക്ക് മാറ്റുകയായിരുന്നു. മറ്റ് ഗ്രഹങ്ങളെ പോലെ സൂര്യന്‍ ശാന്തനല്ല. നിരന്തരമായ സൗരപ്രവര്‍ത്തനങ്ങള്‍, കൊറോണല്‍ മാസ് എജക്ഷനുകള്‍, സൗരജ്വാലകള്‍, തുറസായ സ്ഥലത്തേക്ക് പൊട്ടിത്തെറിക്കുന്ന വികിരണം എന്നിവ സൂര്യനില്‍ നടക്കുന്നുണ്ട്.
അതിനാല്‍ തന്നെ ഇന്ത്യ അതിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള ശ്രമത്തിലാണ്. 109 ഭൗമദിനങ്ങള്‍ എടുത്താണ് ആദിത്യ സൂര്യന്റെ ഉപരിതലത്തില്‍ എത്തുക. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസിന്റെ വിക്ഷേപണത്തിനും ഐഎസ്ആര്‍ഒ തയ്യാറായിട്ടുണ്ട്. രാജ്യത്തിന്റെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാനായിരിക്കും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ദൗത്യം.












Click it and Unblock the Notifications