ചന്ദ്രയാന്‍-3: ഇന്ത്യ മനഃപൂര്‍വം ചന്ദ്രനില്‍ ഒരു ബഹിരാകാശ പേടകം ഇടിച്ചിറക്കിയതെന്തിന്?
ചന്ദ്രയാന്‍-3 ന്റെ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗിനായി കാത്തിരിക്കുകയാണ് രാജ്യവും ലോകവും. ഇന്ന് വൈകീട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ-25 തകര്‍ന്ന് വീണിരുന്നു. ഈ സാഹചര്യത്തില്‍ ചന്ദ്രയാന്‍-3 ലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇന്ത്യ മനപൂര്‍വം ഒരു പേടകം ചന്ദ്രനില്‍ തകര്‍ത്തിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ ചൗന്ദ്രദൗത്യത്തിന് ശേഷമായിരുന്നു ഇത്. 2008 ഒക്ടോബര്‍ 22-ന് ആണ് ഇന്ത്യ ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. അതുവരെ യുഎസ്, റഷ്യ, യൂറോപ്പ്, ജപ്പാന്‍ എന്നീ നാല് രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രദൗത്യം നടത്തിയിരുന്നത്. ഈ പട്ടികയില്‍ അഞ്ചാമനാകുകയായിരുന്നു ചന്ദ്രയാന്‍-1 ലൂടെ ഇന്ത്യ. ചാന്ദ്രയാനാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.

എന്നാല്‍ ഇതിന് ഒരു മാസങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒരു പേടകം ചന്ദ്രനില്‍ മനപൂര്‍വം തകര്‍ക്കുകയായിരുന്നു. ചന്ദ്രയാന്‍ പേടകത്തിനുള്ളില്‍ മൂണ്‍ ഇംപാക്റ്റ് പ്രോബ് എന്ന് വിളിച്ചിരുന്ന 32 കിലോഗ്രാം ഭാരമുള്ള പേടകമുണ്ടായിരുന്നു. ചന്ദ്രനില്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. 2008 നവംബര്‍ 17-ന് രാത്രി 8:06-ഓടെ ചന്ദ്രന്റെ നിശ്ശബ്ദ ലോകം ആ സ്ഫോടനം അനുഭവിക്കാന്‍ പോകുകയായിരുന്നു.
ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ആ പേടകം ഇടിച്ചിറങ്ങി. ചന്ദ്രയാനില്‍ നിന്ന് വേര്‍പെട്ട് 25 മിനിറ്റുകള്‍ക്ക് ശേഷം മൂണ്‍ ഇംപാക്റ്റ് പ്രോബ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി. ചരിത്രാതീതകാലം മുതലേ മനുഷ്യരാശിക്ക് പ്രഹേളികയായി നിലനിന്നിരുന്ന ബഹിരാകാശത്ത് പേടകം ഇടിച്ചിറക്കി ഐ എസ് ആര്‍ ഒ ചരിത്രം സൃഷ്ടിച്ചു. ഈ കുഞ്ഞന്‍ പേടകത്തിനുള്ളില്‍ ഒരു വീഡിയോ ഇമേജിംഗ് സിസ്റ്റം, ഒരു റഡാര്‍ ആള്‍ട്ടിമീറ്റര്‍, ഒരു മാസ് സ്‌പെക്ട്രോമീറ്റര്‍ എന്നിവയുണ്ടായിരുന്നു.
ഫോട്ടോഗ്രാഫുകള്‍ എടുത്ത് ബെംഗളൂരുവിലേക്ക് തിരിച്ചയക്കുക എന്നതായിരുന്നു വീഡിയോ ഇമേജിംഗ് സിസ്റ്റത്തിന്റെ ജോലി. റഡാര്‍ ആള്‍ട്ടിമീറ്റര്‍ പ്രോബിന്റെ നിരക്ക് ട്രാക്കുചെയ്യുന്നതിന് രൂപകല്‍പ്പന ചെയ്തിരുന്നു. ചന്ദ്രന്റെ അന്തരീക്ഷം വിശകലനം ചെയ്യാനുള്ള ചുമതലയായിരുന്നു മാസ് സ്‌പെക്ട്രോമീറ്ററിന് ഉണ്ടായിരുന്നത്. ഈ മൂന്ന് ഉപകരണങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ചന്ദ്രയാന്‍ -2 ദൗത്യത്തിനും ചന്ദ്രയാന്‍ -3 ദൗത്യത്തിനും അടിത്തറയിട്ടത്. ഇംപാക്ട് പ്രോബ് സംപ്രേഷണം ചെയ്ത വിവരങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം ചന്ദ്രന്റെ ലോകത്തെ അനാവരണം ചെയ്തു.












Click it and Unblock the Notifications